
നാലര രൂപയുടെ മുട്ട പുഴുങ്ങിയാൽ മുട്ടക്കറിയാകുമോ?
|കോവിഡിനെ തുടർന്ന് 12,000 ഹോട്ടലുകൾ പൂട്ടിപ്പോയതായാണ് കണക്ക്. അതിന് പിന്നാലെയാണ് അരി മുതൽ ഗ്യാസിന് വരെയുള്ള വിലക്കയറ്റം.
മുട്ടക്കറിയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടുള്ള വിഭവം. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയ ഹോട്ടലിനെതിരെ പി.പി ചിത്തരഞ്ജൻ എം.എൽ.എ പരാതി നൽകിയതോടെയാണ് മുട്ടക്കറി ഇപ്പോൾ ചൂടോടെ വേവുന്നത്. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലും നിറയുന്നുണ്ട്. ഒരു മുട്ടക്കറിക്ക് ഒരുവിധം ഹോട്ടലുകളിലൊക്കെ 30 രൂപയാണ് ചാർജ് ഈടാക്കുന്നത്. എന്നാൽ ഹോട്ടലിന്റെ സൗകര്യവും മറ്റും കൂടുന്നതിന് അനുസരിച്ച് നിരക്കിലും മാറ്റം വരാറുണ്ട്.
സാധാരണ ഹോട്ടലുകൾ നടത്തുന്നവർക്ക് ഇപ്പോൾ കഷ്ടകാലമാണ്. സാധന സാമഗ്രികളുടെ വിലയൊക്കെ കുതിച്ചുയരുകയാണ്. കോഴി ഇറച്ചിക്ക് കൂടിയ വില, ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഗ്യാസിന്റെ വിലവർധനയാണ് ഹോട്ടലുകാരെ പൊള്ളിപ്പിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന് വില 2256 രൂപയാണ്. ഒറ്റയടിക്ക് 256 രൂപയാണ് കൂട്ടിയിരിക്കുന്നത്. അത്യാവശ്യം തിരക്കുള്ള ഒരു ഹോട്ടലിലാണെങ്കിൽ ഇത്തരത്തിൽ മൂന്ന് കുറ്റിയെങ്കിലും ഉപയോഗിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ പ്രതിദിനം മൂന്ന് മുതൽ 20 വരെ വാണിജ്യസിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകളും സംസ്ഥാനത്തുണ്ട്. വില കൂട്ടിയതോടെ 750 മുതൽ 5000 രൂപയുടെ വരെ അധികച്ചെലവ് പ്രതിദിനം ഹോട്ടലുകൾക്ക് ഉണ്ടാകുന്നുണ്ടെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറയുന്നത്. ഗ്യാസ് സിലിണ്ടറിന് മാത്രമല്ല, ഭക്ഷണ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണ. പാമോയിൽ എണ്ണ വില റോക്കറ്റ് പോലെയാണ് കുതിച്ചുയർന്നത്. ഏകദേശം മൂന്നാഴ്ച മുമ്പ് 130 രൂപയുണ്ടായിരുന്ന പാമോയിലിന് കിലോക്ക് 165 വരെ എത്തിയിരിക്കുന്നു.
വൈദ്യുതി ബില്ലിലെ വർധനവും തൊഴിലാളികളുടെ കൂലിയും ഉൾപ്പെടെ ഹോട്ടൽ വ്യവസായം രക്ഷിച്ചെടുക്കാൻ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഇന്ധന വിലവർധന ദിനേനെ വർധിപ്പിക്കുന്നത് തന്നെ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. ലോറി വാടക വർധിക്കുന്നതോടെ സാധനങ്ങളുടെ വിലയിൽ പ്രകടമായ മാറ്റങ്ങളുണ്ടാകും. കോവിഡ് തന്നെ ഹോട്ടലുകാർക്ക് വരുത്തിവെച്ചത് വമ്പൻ തിരിച്ചടിയാണ്. കോവിഡിനെ തുടർന്ന് 12,000 ഹോട്ടലുകൾ പൂട്ടിപ്പോയതായാണ് കണക്ക്. അതിന് പിന്നാലെയാണ് അരി മുതൽ ഗ്യാസിന് വരെയുള്ള വിലക്കയറ്റം.

വാണിജ്യാവശ്യത്തിനുള്ള 17, 19 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് അടിക്കടി വില വര്‍ധിക്കുകയാണ്. ഇതോടൊപ്പം അവശ്യവസ്തുക്കളുടെ വിലയിലും വര്‍ധയുണ്ടായിട്ടുണ്ട്. വെളിച്ചെണ്ണ, ഓയില്‍, മൈദ തുടങ്ങിയവയ്ക്കു കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇരട്ടിയിലധികം രൂപയുടെ വര്‍ധനവാണുണ്ടായത്. അതേസമയം വിലക്കയറ്റമുണ്ടായപ്പോൾ ആ സാഹചര്യം ചിലർ മുതലെടുക്കുന്ന അവസ്ഥയാണുള്ളതെന്നും പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ചിത്തരഞ്ജന്‍ എം.എല്‍.എ പറയുന്നു.