< Back
Kerala
വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം;   സത്യാഗ്രഹ സമരവുമായി കൊല്ലപ്പെട്ട റാം നാരായണൻ്റെ കുടുംബം
Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം; സത്യാഗ്രഹ സമരവുമായി കൊല്ലപ്പെട്ട റാം നാരായണൻ്റെ കുടുംബം

Web Desk
|
2 Feb 2026 2:55 PM IST

സംസ്ഥാന സർക്കാർ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം കിട്ടിയതിൽ പ്രതിഷേധം ശക്തം. കൊല്ലപ്പെട്ട റാം നാരായണൻ്റെ സഹോദരൻ ശശികാന്ത് കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹസമരം തുടങ്ങി.

പ്രതികൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ ദുർബലമായതിനാലെന്നാണ് ആരോപണം. സംസ്ഥാന സർക്കാർ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു. സർക്കാരിൻ്റെ വീഴ്ചയാണിതെന്നും ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റാം നാരായണൻ്റെ കുടുംബവും കോടതിയെ സമീപിക്കും. റാം നാരായണൻ്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ അഡ്വക്കറ്റ് കെ.എസ് നിസാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം രണ്ടുതവണ പ്രതികളുടെ റിമാൻഡ് നീട്ടിയിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിൽ നിർദേശമുണ്ട്.

ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

Similar Posts