< Back
Kerala
നിലമ്പൂരില്‍ എണ്‍പതുകാരിക്ക് മര്‍ദനം; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍
Kerala

നിലമ്പൂരില്‍ എണ്‍പതുകാരിക്ക് മര്‍ദനം; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

Web Desk
|
5 March 2025 5:32 PM IST

ശരീരമാസകലം അടിയേറ്റ പാടുകളോടെ വയോധികയെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറം: നിലമ്പൂരിൽ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. നിലമ്പൂർ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചർക്കാണ് മര്‍ദനമേറ്റത്. ശരീരമാസകലം അടിയേറ്റ പാടുകളോടെ ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നിലമ്പൂര്‍ സിഎച്ച് നഗറില്‍ ഇന്നലെ വൈകിട്ടാണ് എണ്‍പതുകാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചറെ അയല്‍വാസിയായ ഷാജി മര്‍ദിച്ചത്. വയോധികയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മര്‍ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. ഇന്ദ്രാണിയുടെ മകന്‍ പുറത്തുപോകുമ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടി ഏല്‍പ്പിച്ചതായിരുന്നു അയൽവാസി ഷാജിയെ. മര്‍ദിക്കുമ്പോള്‍ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോടെ ഇന്ദ്രാണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നിലമ്പൂര്‍ പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തി ഇന്ദ്രാണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വാർത്ത കാണാം:


Similar Posts