< Back
Kerala
സമരത്തിന് പിന്നിൽ അരാജക സംഘടനകൾ; ആശാവർക്കർമാരുടെ സമരത്തെ തള്ളി എളമരം കരീമിന്റെ ലേഖനം
Kerala

'സമരത്തിന് പിന്നിൽ അരാജക സംഘടനകൾ'; ആശാവർക്കർമാരുടെ സമരത്തെ തള്ളി എളമരം കരീമിന്റെ ലേഖനം

Web Desk
|
24 Feb 2025 8:38 AM IST

'ആശമാരുടെ വേതനവർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്'

തിരുവന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്ന് സിപിഎം കേന്ദ്രകമ്മിറ്റി എളമരം കരീം എം പിയുടെ ലേഖനം. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നത്. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും കരീം വിമർശിച്ചു. ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീം വിമർശനം ഉന്നയിച്ചത്.

ആശമാരുടെ വേതനവർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു.സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം 15-ആം ദിവസത്തിലേക്ക്. ആശമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. എന്നാൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. രാജ്യത്ത് തന്നെ ഏറ്റവും അധികം ഓണറേറിയം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന വാദവും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Similar Posts