
'വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവെക്കണം'; ഐഎൻഎൽ
|ജനാധിപത്യ അട്ടിമറിയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിച്ചിടുക്കാനുള്ള സംഘ് പരിവാറിന്റെ അജണ്ടയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയിരിക്കുന്നത്
കോഴിക്കോട് : മോദി സർക്കാരുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ ആസൂത്രിതമായ വോട്ട് മോഷണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ 2024ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ജനാധിപത്യ വിശ്വാസികളെ ഉൽക്കണ്ഠാ കുലരാക്കുന്നതാണെന്ന് ഐഎൻഎൽ. വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്നുകൊണ്ടുള്ള ഏകോപിത പോരാട്ടം അനിവാര്യമായിരിക്കുകയാണെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ പെട്ട മഹാദേവപുരം അസംബ്ലി മണ്ഡലത്തിൽ നടന്ന വ്യാപക ക്രമക്കേടിന്‍റെ കണക്കുകൾ മുന്നിൽ വച്ചാണ് കോൺഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒത്താശയോടെ നടന്ന കള്ളക്കളികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
താൻ 'ആറ്റംബോംബ്' പ്രയോഗിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇലക്ഷൻ കമ്മീഷൻ ഉത്തരം പറയേണ്ട ഗുരുതരമായ ക്രമക്കേടുകളാണ് പ്രതിപക്ഷ നേതാവ് നിർത്തിയിരിക്കുന്നത്. വ്യാജ മേൽവിലാസം നൽകിയും ഫോറം 6 ദുരുപയോഗപ്പെടുത്തിയും ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ സൃഷ്ടിച്ചും 100, 250 വോട്ടാണ് മോഷ്ടിച്ചിരിക്കുന്നതെന്നും രാജ്യമൊട്ടുക്കും ഇത്തരത്തിലുള്ള ക്രിമിനൽ കുറ്റകൃത്യം വഴിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ മൂന്നാമതും അധികാരത്തിലെത്തിച്ചതെന്നുമുള്ള ആരോപണം നിസ്സാരമായി തള്ളാനാവില്ല.
ജനാധിപത്യ അട്ടിമറിയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിച്ചിടുക്കാനുള്ള സംഘ് പരിവാറിന്റെ അജണ്ടയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയിരിക്കുന്നത്. ബിഹാറിലും ബംഗാളിലുമൊക്കെ തുടരുന്ന തീവ്ര വോട്ടർ പട്ടിക പുനഃ പരിശോധന ഈ അട്ടിമറിയുടെ മറ്റൊരു മുഖമാണ്. ആർഎസ്എസ് അതിന്‍റെ സ്ഥാപകനാൾ മുതൽ നോട്ടമിട്ടിരിക്കുന്നു കേരളത്തിൽ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ബിജെപി നടത്താൻ പോകുന്ന വോട്ട് തട്ടിപ്പിനെ കുറിച്ച് നാം ഇപ്പോഴേ ജാഗ്രവത്താവേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ കോടതി നമ്മുടെ രക്ഷക്ക് എത്തുമെന്ന് വലിയ പ്രതീക്ഷയൊന്നും വേണ്ടാ എന്നാണ് 65 ലക്ഷം വോട്ടർമാർ പുറന്തള്ളപ്പെട്ട ബിഹാറിലെ അനുഭവം ഓർമ്മപ്പെടുത്തുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കാൻ സമയമായിരിക്കുന്നുവെന്ന് ഐഎൻഎൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.