< Back
Kerala
നെടുമങ്ങാട് 19കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: സ്വകാര്യ വ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന്  മന്ത്രിയും വാർഡ് മെമ്പറും; ആരോപണം തള്ളി സ്ഥലമുടമ
Kerala

നെടുമങ്ങാട് 19കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: സ്വകാര്യ വ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രിയും വാർഡ് മെമ്പറും; ആരോപണം തള്ളി സ്ഥലമുടമ

Web Desk
|
20 July 2025 10:22 AM IST

മരം മുറിക്കാൻ തയ്യാറാവാത്തത് കെഎസ്ഇബി വീഴ്ചയായി പറയാൻ കഴിയില്ലെന്നും മന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. സ്വകാര്യ വ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതാണ് നെടുമങ്ങാട്ടെ അപകടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. മരം മുറിക്കാൻ തയ്യാറാവാത്തത് കെഎസ്ഇബി വീഴ്ചയായി പറയാൻ കഴിയില്ലെന്നും ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. ലൈൻ പൊട്ടിവീണ് ബൈക്ക് യാത്രികൻ മരിച്ചതിൽ ചീഫ് എൻജിനീയർ പ്രാഥമിക അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.ഔദ്യോഗിക റിപ്പോർട്ട് കിട്ടിയാൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരച്ചില്ല വെട്ടാൻ നാലുമാസം മുൻപ് നിർദേശം നല്‍കിയിരുന്നതായി വാർഡ് മെമ്പർ പി എം സുനിൽ പറഞ്ഞു. പറമ്പിന്റെ ഉടമ സഹകരിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കർശന നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ വാർഡ് മെമ്പർ പറഞ്ഞു.

എന്നാല്‍ മരം മുറിക്കാൻ തനിക്ക് നിർദേശം ലഭിച്ചിട്ടില്ലെന്ന് പറമ്പുടമ അബു ഷഹ് മാൻ മാധ്യമങ്ങളോട് പറഞ്ഞു. 'പഞ്ചായത്തോ വാർഡ് മെമ്പറോ ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചിട്ടില്ല.സമീപിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നെന്നും മറ്റ് ഉണങ്ങിയ കൊമ്പുകൾ ഉടൻ മുറിച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിയായ അക്ഷയ് ആണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. കാറ്ററിങ് കഴിഞ്ഞ് തിരിച്ചുവരുന്ന സമയത്താണ് അപകടം നടന്നത്. ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലുമായി മരച്ചില്ല റോഡില്‍ വീണു കിടന്നിരുന്നു.ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു.ബൈക്ക് മറിഞ്ഞപ്പോള്‍ അക്ഷയുടെ കാല്‍ ലൈനില്‍ തട്ടുകയും ഉടന്‍ തന്നെ ഷോക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

സുഹൃത്തുക്കളും നാട്ടുകാരും ഉപയോഗിച്ച് അക്ഷയുടെ മൃതദേഹം മാറ്റുകയായിരുന്നു. ആംബുലൻസ് കാത്തുനിന്നെങ്കിലും അതും കിട്ടിയില്ല.തുടർന്ന് കാറിലാണ് അക്ഷയെ ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അക്ഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. റോഡരകില്‍ മരവും പോസ്റ്റും ഒടിഞ്ഞുകിടക്കുന്നുണ്ടായിരുന്നെന്നും അതില്‍ തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്നും അക്ഷയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അമല്‍ മീഡിയവണിനോട് പറഞ്ഞു. 'എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ കാറ്ററിങ്ങിന് പോകാറുണ്ട്. ഇന്നലെയും പോയി. പുലര്‍ച്ചെ 12 മണിക്ക് ശേഷമാണ് അപകടമുണ്ടായിരുന്നത്'. അമല്‍ പറഞ്ഞു.


Similar Posts