< Back
Kerala
വെള്ളം കയറിയ കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിൽ വഞ്ചിപ്പാട്ട് പാടി ജീവനക്കാർ; വൈറലായി വീഡിയോ
Kerala

വെള്ളം കയറിയ കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിൽ വഞ്ചിപ്പാട്ട് പാടി ജീവനക്കാർ; വൈറലായി വീഡിയോ

Web Desk
|
30 Aug 2022 5:23 PM IST

അടുത്ത നെഹ്‌റു ട്രോഫി വള്ളംകളിക്ക് കെ.എസ്.ആർ.ടി.സിക്ക് ഒരു ടീമിനെ അയക്കാമെന്ന് കമന്‍റ്

കൊച്ചി: മഴയും വെള്ളക്കെട്ടുമൊന്നും കൊച്ചിക്കാർക്ക് പുതുമയുള്ള കാര്യമല്ല. അരമണിക്കൂർ നിർത്താതെ മഴ പെയ്താൽ കൊച്ചി നഗരം വെള്ളത്തിനടിയിലാകും. ഏത് മഴക്കാലത്തും വെള്ളക്കെട്ടുണ്ടാകുന്ന പ്രധാന കേന്ദ്രമാണ് കെ.എസ്.ആർ.ടി.സിയുടെ എറണാകുളം ഡിപ്പോ. ഇന്ന് പെയ്ത മഴയിലും പതിവു പോലെ കെ.എസ്.ആർ.ടി.സി ഡിപ്പോ വെള്ളത്തിലായി. ബസുകൾക്ക് പോലും സ്റ്റാന്റിലേക്ക് കടക്കാനാകാത്ത വിധത്തിലായിരുന്നു വെള്ളക്കെട്ടുണ്ടായിരുന്നത്. ഡിപ്പോയുടെ ഓഫീസുകളിലും വെള്ളം കയറി. കസേരകളിൽ പോലും ഇരിക്കാൻ കഴിയാതെ വന്നപ്പോൾ ജീവനക്കാർ ചേർന്ന് വഞ്ചിപ്പാട്ട് പാടി വള്ളം തുഴയുന്ന രീതിയിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വെള്ളം കയറിയ ഓഫീസിനുള്ളിലെ മേശയിൽ കയറിയിരുന്നാണ് ഡിപ്പോ മാനേജരും രണ്ട് ജീവനക്കാരും വഞ്ചിപ്പാട്ട് പാടി വള്ളം തുഴയുന്നത് പോലെ അഭിനയിക്കുന്നത്. വീഡിയോയ്ക്ക് വള്ളംകളിയുടെ കമന്‍റി കൂടി ചേര്‍ത്തപ്പോള്‍ സംഭവം ഹിറ്റായി. ഓഫീസിനകത്തെ വെള്ളക്കെട്ടിന്റെ രൂക്ഷതയും ആ വീഡിയോയിൽ കാണാനാവും.

വൈറലായതോടെ രസകരമായ കമന്റുകളുമെത്തി. 'കെ.എസ്.ആർ.ടി.സിയോ വെള്ളത്തിലാണ്..ശമ്പളമോ ഇല്ല..ഇങ്ങനെയെങ്കിലും പ്രതിഷേധിക്കട്ടെ അവർ', അടുത്ത നെഹ്‌റു ട്രോഫി വള്ളംകളിക്ക് കെ.എസ്.ആർ.ടി.സിക്ക് ഒരു ടീമിനെ അയക്കാം' തുടങ്ങിയ രസകരമായ കമന്റുകൾക്കൊപ്പം വിമർശിച്ചും ചിലരെത്തി. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഇന്ന് പെയ്ത മഴയിൽ കലൂർ, കടവന്ത്, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു.ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വേഗത്തിൽ വെള്ളത്തിലാകുകയായിരുന്നു.

ഹൈക്കോടതി പരിസരം, ബാനർജി റോഡ്, നോർത്ത്, എം.ജി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. ഇതോടെ ജനങ്ങൾ കുടുങ്ങി. യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കടവന്ത്ര , തമ്മനം ഭാഗങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. പെട്ടെന്ന് ഇരച്ചെത്തിയ വെള്ളം കാരണം വീട്ടുകാർ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.

Similar Posts