< Back
Kerala
Employees suspended over Death of four-year-old at Konni Elephant Sanctuary
Kerala

കോന്നി ആനക്കൊട്ടിലിലെ നാലുവയസുകാരന്റെ മരണം: ജീവനക്കാർക്ക് സസ്പെൻഷൻ

Web Desk
|
19 April 2025 5:27 PM IST

നാലു വയസുകാരൻ മരിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.

പത്തനംതിട്ട: കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസുകാരൻ മരിച്ചതിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ സസ്പെൻഡ് ചെയ്യാനും നിര്‍ദേശം നൽകി. വനംമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. ഡിഎഫ്ഒ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റിയേക്കും.

നാലു വയസുകാരൻ മരിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും.

അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തൂണിൽ പിടിച്ചപ്പോൾ ഇത് ഇളകി കുഞ്ഞിന്‍റെ തലയിൽ വീഴുകയായിരുന്നു. നാലടിയോളം ഉയരമുള്ള തൂണാണ് ദേഹത്ത് വീണത്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടർന്ന് ഫോട്ടോയെടുക്കാനായി തൂണിൽ പിടിച്ച് കളിച്ചപ്പോഴായിരുന്നു അപകടം. ആനത്താവള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് മറിഞ്ഞുവീണത്.






Similar Posts