< Back
Kerala
ഇടുക്കി പരുന്തുംപാറയിലും കയ്യേറ്റം വ്യാപകമാകുന്നതായി റിപ്പോർട്ട്; മുന്നറിയിപ്പ് അവഗണിച്ചും അനധികൃത നിർമ്മാണങ്ങൾ തുടരുന്നു
Kerala

ഇടുക്കി പരുന്തുംപാറയിലും കയ്യേറ്റം വ്യാപകമാകുന്നതായി റിപ്പോർട്ട്; മുന്നറിയിപ്പ് അവഗണിച്ചും അനധികൃത നിർമ്മാണങ്ങൾ തുടരുന്നു

Web Desk
|
2 March 2025 8:39 AM IST

കയ്യേറ്റത്തിന് പിന്നിൽ കാലങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും കയ്യേറ്റം വ്യാപകമാകുന്നതായി റിപ്പോർട്ട്. മൂന്നാറിനെക്കാൾ കൂടുതൽ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും പരുന്തുംപാറയിലുണ്ടെന്നാണ് കയ്യേറ്റമന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻ്റെ കണ്ടെത്തൽ.

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തും പാറയിൽ ചങ്ങനാശേരി സ്വദേശി കൈവശം വെച്ചിരിക്കുന്ന മൂന്നരയേക്കർ സ്ഥലത്തെ വൻകിട റിസോർട്ടടക്കം പ്രദേശത്തെ പല നിർമാണങ്ങളും സർക്കാർ പുറം പോക്ക് ഭൂമിയിലെന്നാണ് ഐജി കെ സേതുരമൻ്റെയും മുൻ കളക്ടർ എച്ച് ദിനേശൻ്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പീരുമേട് വില്ലേജിലെ പട്ടയ ഭൂമിയെന്നാണ് സ്ഥലമുടയുടെ വാദമെങ്കിലും നിർമാണം നടക്കുന്നത് മഞ്ചുമല വില്ലേജിലെ 441 സർവ്വേ നമ്പരിൽ പെട്ട 9875 ഏക്കർ സർക്കാർ ഭൂമിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

2023-ൽ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും അത് അവഗണിച്ചായിരുന്നു നിർമാണം. ഇവിടെ നിർമിച്ചിരിക്കുന്ന കുളം അപകട സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്റുകളിൽ പലതും കാണാനില്ലെന്ന അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലും ഗൗരവമുള്ളതാണ്.

പരുന്തുംപാറയിലെ 110 ഏക്കർ സർക്കാർ ഭൂമിയിൽ 41 ഏക്കർ റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. കയ്യേറ്റത്തിന് പിന്നിൽ കാലങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും നിയമത്തെ വെല്ലുവിളിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ നിർബാധം തുടരുന്നു എന്നതാണ് വസ്തുത.

Similar Posts