< Back
Kerala
ആശങ്കയുയര്‍ത്തി എറണാകുളം കെഎസ്ആര്‍ടിസി കെട്ടിടം
Kerala

ആശങ്കയുയര്‍ത്തി എറണാകുളം കെഎസ്ആര്‍ടിസി കെട്ടിടം

Web Desk
|
8 July 2025 8:02 AM IST

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ അതേ പഴക്കമുളള കെട്ടിടമാണിത്

കൊച്ചി: നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. ഒരാളുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ അതേ പഴക്കമുളള കെട്ടിടമാണിത്. വെളളക്കെട്ട് ഒഴിവാക്കുന്ന പ്രവൃത്തികളടക്കം നിലവില്‍ നവീകരണപ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ആശങ്ക ഉയര്‍ത്തുന്നതാണ്.

ചെറിയൊരു മഴ പെയ്താല്‍ ബസ്റ്റ് സ്റ്റാന്‍ഡിനകവും പുറവും വെളളക്കെട്ടിനാല്‍ നിറയുന്ന എറണാകുളം കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ വെളളം കയറാതിരിക്കാനുളള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. മഴയ്ക്ക് മുമ്പേ തീരേണ്ട പ്രവൃത്തി ഒരുവഴിക്ക് നടക്കുന്നുണ്ട്. എംഎല്‍എ ഫണ്ടിലാണ് പ്രവൃത്തി. കെട്ടിടത്തില്‍ പാച്ച് വര്‍ക്കുകളും ചെയ്ത് മുകളിലത്തെ നിലയില്‍ ടെയില്‍ വിരിച്ച് പെയിന്റടിച്ച് ഭംഗിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം ബസ് സ്റ്റാന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്താനാകുമോ എന്നതാണ് ചോദ്യം.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പൊളിച്ച് കരിക്കാമുറിയില്‍ വൈറ്റില മാതൃകയില്‍ പുതിയ മൊബിലിറ്റി ഹബ്ബ് പണിയുമെന്ന് ഗതാഗമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും സാന്നിധ്യത്തിലുളളള ഉന്നതലതലയോഗത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. പദ്ധതി നിര്‍ദേശങ്ങള്‍ പലതുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. കഴിഞ്ഞ ജൂണില്‍ ഗതാഗത മന്ത്രിയും സംഘവും നേരിട്ടെത്തി വേഗത്തില്‍ പ്രശ്‌നപരിഹാരം കാണുമെന്നറിയിച്ചിരുന്നെങ്കിലും ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടി വരുമെന്നതില്‍ പോലും വ്യക്തതയില്ല.

Similar Posts