
ഏറ്റുമാനൂര്‍ ആത്മഹത്യ : പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
|നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി.ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്.നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഷൈനിയുടെ ഭര്‍ത്താവായ നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രതിക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പൊലീസ് നിലപാട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ കോട്ടയം ജില്ലാ ജയിലിൽ തുടരുകയാണ് നോബി.
അതേസമയം, ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഭർതൃപിതാവിൻ്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസ്.ഇക്കാര്യം നോബിയുടെ വീട്ടുകാർക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ നിന്ന് പോയ ശേഷമാണ് ലോൺ മുടങ്ങിയത്. ഭർത്താവ് പണം നൽകാത്തതോടെ ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്.എന്നാല്‍ പരാതി പരിഹരിക്കുന്നതിന് പകരം നിയമ നടപടിക്ക് നിർബന്ധം പിടിച്ചത് സ്റ്റേഷനിലെത്തിയ ഭർതൃസഹോദരൻ ഫാദർ.ബോബിയാണെന്നും കെ. കെ തോമസ് മീഡിയവണിനോട് പറഞ്ഞു.