< Back
Kerala
BJP ,Suresh Gopi,kerala,latest malayalam news,സുരേഷ് ഗോപി,ജോണ്‍ ബ്രിട്ടാസ്
Kerala

'സുരേഷ് ഗോപി പറയുന്നത് ബിജെപി പോലും സീരിയസായി എടുക്കുന്നില്ല'; പരിഹാസവുമായി ജോൺ ബ്രിട്ടാസ് എംപി

Web Desk
|
4 April 2025 12:11 PM IST

'രാഷ്ട്രീയത്തിലും സുരേഷ് ഗോപിക്ക് തിരക്കഥാകൃത്തിന്‍റെ ആവശ്യമുണ്ട്'

ന്യൂഡല്‍ഹി:രാഷ്ട്രീയത്തിലും സുരേഷ് ഗോപിക്ക് തിരക്കഥാകൃത്തിന്‍റെ ആവശ്യമുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി.നടന കലയിലെ വൈഭവം പ്രകടിപ്പിക്കുന്നതായിരിക്കും സുരേഷ് ഗോപി. എന്നാൽ സുരേഷ് ഗോപി പറയുന്നത് ബിജെപി പോലും സീരിയസായി എടുക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.

'സുരേഷ്ഗോപി എന്റെ ശത്രു ഒന്നുമല്ല.തനിക്ക് വീര്യവും ഉശിരുമുണ്ടെന്ന് കാണിക്കാനായിരിക്കും അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. എന്നാൽ തന്റെ മിത്രമായ സുരേഷ് ഗോപിയോട് പറയാനുള്ളത് രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്നാണ്. സുരേഷ് ഗോപി പറയുന്നതിനെ നമ്മൾ സീരിയസ് ആയി എടുക്കരുത്..അദ്ദേഹം പോലും അതിനെ സീരിയസ് ആയി എടുക്കാറില്ല.സുരേഷ് ഗോപിയുടെ പാർട്ടി പോലും സീരിയസായി എടുക്കുന്നില്ല. താൻ ഏത് പാർട്ടിയിലാണെന്ന് പോലും സുരേഷ് ഗോപിക്ക് അറിയില്ല'.ബ്രിട്ടാസ് പറഞ്ഞു.

ജബല്‍പൂർ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായായിരുന്നു ഇന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞത്. സൂക്ഷിച്ച് സംസാരിക്കണമെന്നും ചോദ്യം ജോണ്‍ ബ്രിട്ടാസിന്‍റെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഏതാണ് ചാനലെന്ന് ചോദിച്ച ശേഷം മറുപടി പറയാന്‍ സൗകര്യമില്ലെന്നായിരുന്നു പ്രതികരണം.

ഇന്നലെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചർച്ചയിൽ സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും ഏറ്റുമുട്ടിയിരുന്നു. ‘രാജ്യസഭയിലും എമ്പുരാൻ സിനിമയിലെ മുന്നമാരുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയെ പേരെടുത്ത് പറയാതെ ജോൺ ബ്രിട്ടാസിന്‍റെ വിമർശനം. ‘നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ (കേരളത്തിൽനിന്ന്) മാറ്റിനിർത്തി. ഒരു തെറ്റു പറ്റി മലയാളിക്ക്. കേരളത്തിൽ ഒരാൾ ജയിച്ചിട്ടുണ്ട്. അതു വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും’ എന്നും സുരേഷ് ഗോപിയുടെ വിജയം സൂചിപ്പിച്ച് ബ്രിട്ടാസ് തുറന്നടിച്ചു.


Similar Posts