< Back
Kerala
പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി
Kerala

പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി

Web Desk
|
14 Feb 2022 10:41 AM IST

പരാതിക്കാരിക്കെതിരെ അഞ്ജലി ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് ഡി.സി.പി

പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി വി.യു കുര്യാക്കോസ്. വേറെ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാത്ത കാര്യം കോടതിയെ അറിയിക്കും. കോവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കും. പരാതിക്കാരിക്കെതിരെ അഞ്ജലി ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്നും ഡി.സി.പി പറഞ്ഞു. കള്ളക്കേസാണെന്നും പണം സംബന്ധമായ തർക്കമാണ് പരാതിയുടെ കാരണമെന്നുമാണ് അഞ്ജലി ഫേസ് ബുക്കില്‍ പറഞ്ഞത്.

2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. ഹോട്ടലുടമ റോയി വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് സ്വദേശിയായ അഞ്ജലി വഴിയാണ് ഹോട്ടലിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് കഴിഞ്ഞ ദിവസമാണ് മെട്രോ സ്റ്റേഷൻ സി.ഐ അനന്ത ലാലിന് കൈമാറിയത്. മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലും അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. പോക്സോ കേസിൽ പരാതിക്കാരുടെ മൊഴി ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. ഇവരുടെ പരാതിയുടെ സ്വഭാവമനുസരിച്ച് കൂടുതൽ പരാതിക്കാർ എത്താനുള്ള സാഹചര്യവും പൊലീസ് തള്ളിക്കളയുന്നില്ല.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ഹോട്ടലില്‍ അന്വേഷണം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ കേസുമെന്നാണ് പൊലീസ് കണക്കാക്കുന്നത്. റോയി വയലാറ്റിന്‍റെയും മറ്റ് പ്രതികളുടെയും ജാമ്യ ഹരജിയിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ തന്റെ ജീവിതം വച്ച് കളിക്കുകയാണെന്നാണ് അഞ്ജലിയുടെ ആരോപണം. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയില്‍ പറയുന്നു. എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞു.

Similar Posts