< Back
Kerala
Evidence collection in Thiruvalla with Rahul completed in Rape Case
Kerala

രാഹുലുമായി തിരുവല്ലയിലെ തെളിവെടുപ്പ് പൂർത്തിയായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

Web Desk
|
14 Jan 2026 7:08 AM IST

പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്.

ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും രാഹുൽ പ്രതികരിച്ചില്ല.

തെളിവെടുപ്പിന് ശേഷം രാഹുലുമായി എസ്ഐടി സംഘം എആർ ക്യാമ്പിലേക്ക് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഹോട്ടൽ പരിസരത്ത് ഒരുക്കിയിരുന്നത്. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല.

പുലർച്ചെ 5.45ഓടെ രാഹുലുമായി പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ട എസ്ഐടി സംഘം 6.30ഓടെ തിരുവല്ലയിലെ ഹോട്ടലിലെത്തുകയും ഏഴ് മണിക്ക് മുമ്പ് മടങ്ങുകയും ചെയ്തു.

പാലക്കാട്ടേക്ക് കൂടി തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന ആവശ്യം എസ്ഐടി ഉന്നയിച്ചിരുന്നു. എന്നാൽ‌, മൂന്നു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘത്തിന് കോടതി അനുവദിച്ചത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് രാഹുലിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.

രാഹുലിനെ വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രാഥമിക ചോദ്യം ചെയ്യലിൽ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറഞ്ഞിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നാണ് കോടതി ഉത്തരവ്. ജാമ്യ ഹരജി 16ന് പരിഗണിക്കും. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. വലിയ പ്രതിഷേധമാണ് ഇന്നലെ കോടതി പരിസരത്തും തിരുവല്ലയിലെ ആശുപത്രി പരിസരത്തുമുണ്ടായത്.

Similar Posts