< Back
Kerala
ഒന്നര വയസുള്ള കുഞ്ഞിനെ പുറത്ത് നിര്‍ത്തി ജപ്തി: യുവതിക്കും കുടുംബത്തിനും ആശ്വാസം; അഞ്ചുലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രവാസി വ്യവസായി
Kerala

ഒന്നര വയസുള്ള കുഞ്ഞിനെ പുറത്ത് നിര്‍ത്തി ജപ്തി: യുവതിക്കും കുടുംബത്തിനും ആശ്വാസം; അഞ്ചുലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രവാസി വ്യവസായി

Web Desk
|
3 Sept 2025 1:58 PM IST

2019 ലാണ് സ്വാതി വായ്പയെടുത്തത്. ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങുകയായിരുന്നു

കൊച്ചി: എറണാകുളം പുത്തൻകുരിശ്ശിൽ മണപ്പുറം ഫിനാൻസ് വീട് ജപ്തി ചെയ്ത കുടുംബത്തിന് ആശ്വസമായി പ്രവാസിയുടെ ഇടപെടൽ. അഞ്ച് ലക്ഷം രൂപ ഒരു പ്രവാസി നൽകുമെന്ന് കോൺഗ്രസ് നേതാവ് വി.പി സജീന്ദ്രൻ അറിയിച്ചു. ഒന്നര വയസുള്ള കുഞ്ഞിനെ ഉൾപ്പെടെ പുറത്ത് നിർത്തിയായിരുന്നു ജപ്തി.

യുവതിയും ഒന്നര വയസുള്ള കുഞ്ഞും പ്രായമായ അമ്മയും വീടിന് പുറത്താക്കിയാണ് ജപ്തി ചെയ്തത്. കുടുംബത്തിന് രാത്രി തങ്ങാൻ മറ്റു വഴികൾ ഇല്ലാതായതോടെ, പി.വി ശ്രീനിജൻ എംഎൽഎ താൽക്കാലികമായി വീട് തുറന്നു നൽകുകയായിരുന്നു.

ഇന്നലെയാണ് മലേക്കുരിശ് സ്വദേശി സ്വാതി, പ്രായമായ മാതാവ്, കൈക്കുഞ്ഞ് എന്നിവരെ ധനകാര്യ സ്ഥാപനം, കോടതി ഉത്തരവുമായി എത്തി വീട് ജപ്തിചെയ്ത് പുറത്താക്കിയത്. 2019 ലാണ് സ്വാതി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. 3.95 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങി.

അടിയന്തരമായി ഒറ്റത്തവണ അഞ്ചുലക്ഷം രൂപ അടച്ചാൽ, ജപ്തി നടപടികൾ ഒഴിവാക്കും എന്നാണ് മണപ്പുറം ഫിനാൻസ് അധികൃതർ അറിയിച്ചത്. ആകെയുള്ള രണ്ടര സെൻറ് സ്ഥലത്തെ പുരയിടം ജപ്തിയായിരുന്നു. വ്യവസായിയുടെ സഹായം കിട്ടുന്നതോടെ ജപ്തി നടപടികള്‍ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം.


Similar Posts