
Manoharan
പൊലീസ് മുഖത്തടിച്ചു; മനോഹരനെ മർദിച്ചെന്ന് ദൃക്‌സാക്ഷികൾ
|ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.
തൃപ്പൂണിത്തുറ: പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച മനോഹരനെ പൊലീസ് മർദിച്ചെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ. ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ നിർത്താൻ വൈകിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
മനോഹരന്റെ പിന്നാലെയെത്തിയ പൊലീസ് ഹെൽമറ്റ് ഊരിയപ്പോൾ തന്നെ മുഖത്തടിച്ചെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ജീപ്പിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. മനോഹരൻ മദ്യപിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെയാണ് മനോഹരനെ പൊലീസ് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു.
ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. ഉടൻ പൊലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആൾ മരിച്ചനിലയിലായിരുന്നു.
.