< Back
Kerala
51 doctors dismissed for illegally absenting themselves from work
Kerala

'ഡോക്ടർമാരുടെ നക്കാപ്പിച്ച ശമ്പളം'; ചർച്ചയിൽ പ്രതികരിച്ച് ഡോക്ടറുടെ കുറിപ്പ്

Web Desk
|
24 Nov 2025 11:31 AM IST

ജോലി അറിയുന്ന അത് ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാർക്ക് ഇപ്പോഴും ഇവിടെ ജോലിയും നല്ല ശമ്പളവുമുണ്ട് എന്നാണ് ഡോ.സ്മിത പറയുന്നത്

കോഴിക്കോട്: എംബിബിഎസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഡോക്ടർമാർക്ക് എല്ലുമുറിയെ പണിയെടുത്തിട്ടും ലഭിക്കുന്നത് നക്കാപ്പിച്ച ശമ്പളമാണെന്ന വിമർശനമുന്നയിക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയായത് സമീപകാലത്താണ്. 36 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്തിട്ടും ഓഫും ലീവും പോലും കിട്ടാതെ കഷ്ടപ്പെട്ടുന്നവർക്ക് 40,000 രൂപ മാത്രമാണ് ശമ്പളം കിട്ടുന്നത് എന്നായിരുന്നു വിമർശനം. തുടർന്ന് ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടന്നിരുന്നു.

ഇതിൽ പ്രതികരിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ദന്ത ഡോക്ടറായ സ്മിത റഹ്മാൻ. ജോലി അറിയുന്ന അത് ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാർക്ക് ഇപ്പോഴും ഇവിടെ ജോലിയും നല്ല ശമ്പളവുമുണ്ട് എന്നാണ് ഡോ.സ്മിത പറയുന്നത്. ചെറുപ്പം തൊട്ട് ഡോക്ടർ ആവാനുള്ള മോഹത്തെ കുറിച്ച് വാചാലരാവുന്ന ഇൻസ്റ്റഗ്രാം ഡെന്റിസ്റ്റുകൾ ശമ്പളം മോഹിച്ചാണോ ഡോക്ടർ ആവാൻ സ്വപ്‌നം കണ്ടതെന്ന് സ്മിത ചോദിക്കുന്നു. മോഹിച്ച പണം കിട്ടിയില്ല എന്നായപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് ഏറ്റെടുത്ത ജോലി പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചവരെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും ഡോ.സ്മിത ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

MBBS ഡോക്ടർ ശമ്പളം കുറവാണെന്ന പോസ്റ്റിട്ടതിന് പിന്നാലെ BDS ഡോക്ടറും വീഡിയോ ഇട്ടിരിക്കുകയാണ്.

ഞാനാദ്യം 1999 ലേക്ക് എത്തി നോക്കി. അന്ന് ദന്ത ഡോക്ടറാവാൻ പഠിക്കാൻ കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോൾ പഠിച്ചിറങ്ങിയാൽ കിട്ടാൻ പോകുന്ന ശമ്പളത്തെ കുറിച്ച് യാതൊരു ധാരണയോ കണക്ക് കൂട്ടലോ എനിക്കുമില്ല, വീട്ടുകാർക്കുമില്ല. പഠിക്കുക, ഡോക്ടറാവുക. അത്രേയുള്ളൂ! മനുഷ്യർക്ക് ഇന്നത്തെ അത്ര "ബോധ"മില്ലാത്ത കാലമാണല്ലോ! സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം കേരളത്തിൽ തുടങ്ങിയിട്ടില്ലാത്ത കാലം കൂടിയാണ്.

പിന്നെ ഞാൻ 2005 ലേക്ക് വന്നു. ഇന്നത്തെ പോലെ തട്ടുന്നതും മുട്ടുന്നതും മുഴുവൻ ഡോക്ടർ ആയിട്ടില്ലാത്ത കാലത്താണ് ഞാൻ കോട്ടിട്ട് ഗോദയിൽ ഇറങ്ങിയത്. ഹൗസ് സർജൻസി കഴിയുന്നതിനു മുന്നേ നാട്ടിൽ ഒരു ക്ലിനിക്കിലെ ഡോക്ടർ ജോയിൻ ചെയ്തോളാൻ "ഓഫർ" തന്നു . ഒരു സഹപാഠി വഴിയാണ് ആ ഓഫർ എനിക്ക് കിട്ടുന്നത്. 7500 രൂപ ശമ്പളം. ആ കാശിന് ഞാൻ മരിച്ച് പണിയെടുത്തിട്ടുണ്ട്. എട്ട് മണിക്ക് കൈയ്യും കഴുകി കയറിയാൽ scaling, filling, extraction, partial denture, full denture, അങ്ങനെ മരണ പണിയാണ്. നടുവൊടിക്കുന്ന പണി. റൂട്ട് കനാൽ ചികിത്സ എന്റെ നാട്ടിലൊക്കെ പ്രചാരത്തിലായി വരുന്നേയുള്ളു. RCT, bridge , composite മുതലായ "വലിയ" ചികിത്സ "വലിയ" ഡോക്ടർ ആണ് ചെയ്യുക. നൂറോ അതിലധികമോ രോഗികൾ ദിവസേന വന്നിരുന്ന ആ ക്ലിനിക്കിൽ ഉച്ചക്ക് ചോറ് തിന്നാൻ വാതിൽ തള്ളി അടച്ച് കുറ്റിയിട്ടിരുന്നത് ഉച്ച തിരിഞ്ഞ് 3 മണിക്ക് ശേഷമാണ്! എനിക്ക് തരുന്ന 7500 ന്റെ എത്രയോ ഇരട്ടി പണം ഞാനവർക്ക് ജോലി ചെയ്ത് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ആ ക്ലിനിക്കിൽ നിന്ന് പഠിച്ചത് practise management ന്റെ ആദ്യ പാഠങ്ങൾ ആയിരുന്നു. കോളേജിൽ നിന്നും പിന്നെ തുടർ പഠന പരിപാടികളിൽ നിന്നും സുഹൃത്തുക്കളോടും അധ്യാപകരോടും സീനിയേഴ്സിനോടുമുള്ള ചോദ്യങ്ങളിലൂടെയും ചർച്ചകളിലൂടെയുമായിരുന്നു Dentistry കൂടുതൽ അറിഞ്ഞത്. കളത്തിൽ ഇറങ്ങി കളിച്ചു. ഗാലറിയിൽ ഇരുന്ന് കമന്റിടുകയായിരുന്നില്ല.

വൈകാതെ തന്നെ കാശു മുടക്കി നാട്ടിൽ ക്ലിനിക്കിട്ടു. ആദ്യ ദിവസം മുതൽ "നമ്മൾ" തന്നെ എല്ലാം. മൊട്ടു സൂചി മുതൽ കമ്പ്രസർ വരെയും ഗ്ലൗസു മുതൽ ഗോസു വരെയും ഒറ്റയ്ക്ക് വാങ്ങി ഞങ്ങൾ പണി തുടങ്ങി. ഉള്ളതിനും ഇല്ലാത്തതിനും ചെയ്തതിനും ചെയ്യാത്തതിനും ഉത്തരവാദി നമ്മൾ തന്നെ . Answerable to society. മികച്ച ചികിത്സ ഉറപ്പാക്കാൻ സ്പെഷ്യലിസ്റ്റുകളെ വിളിച്ചു. ഏകദേശം ഒന്നിച്ച് പഠിച്ചിറങ്ങിയ ഞാനും എന്റെ ഭർത്താവും കുത്തിയിരുന്ന് പ്രാക്ടീസ് ചെയ്താണ് നാട്ടിൽ നാലാളറിയുന്ന ദന്ത ഡോകാടർമാർ ആയത്. പെട്ടെന്ന് തന്നെ പ്രൈവറ്റ് പ്രാക്ടീസ് ഉണ്ടായതും ഉന്നത പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കാതിരുന്നതും കൊണ്ട് post graduation ചെയ്തില്ല. പരീക്ഷ എഴുതി ഉയർന്ന റാങ്ക് വാങ്ങിയാലേ PG seat കിട്ടൂ. അതിന് കുത്തിയിരുന്ന് പഠിക്കാനുള്ള താത്പര്യവും സമയവും ഇല്ലായിരുന്നു. എങ്കിലും വിശ്വസിച്ച് വായും പൊളിച്ചു ഇരുന്ന് തന്ന ഓരോ രോഗിയിൽ നിന്നും ദിവസേന പഠിക്കുകയായിരുന്നു. ഇന്നും തുടരുന്നു. വളരെ കടുപ്പത്തിലൊരു റൂട്ട് കനാൽ ചെയ്ത് കുടുങ്ങിയിരിക്കുന്നത് ഈ ഫേസ്ബുക്കിലെ ഒരു സുഹൃത്തിന്റേതാണ്! അടുത്തതും അകന്നതുമായ സകല കുടുംബക്കാരും നാട്ടുകാരും സുഹൃത്തുക്കളും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്! നന്ദിയോടെയും കരുതലോടെയും ആണ് അതെല്ലാം കൈകാര്യം ചെയ്തിട്ടുള്ളത്! ആദ്യം ജോലി തന്ന ഡോക്ടർ ഇന്നും അതേ സ്നേഹ ബന്ധം തുടരുന്നു.

എല്ലാ കാലത്തും underpaid ആയിരുന്നിട്ടും I found my passion in dentistry. എന്നും കൈമുതലായിട്ടുണ്ടായിരുന്നത് ആത്മവിശ്വാസം ആയിരുന്നു. പഠിച്ചു പോന്ന ശാസ്ത്രത്തിലുള്ള വിശ്വാസവും സ്വന്തം കഴിവിലുള്ള വിശ്വാസവും രോഗികൾ അർപ്പിച്ച വിശ്വാസവുമാണ് സമ്പത്ത്! Dentistry വികാസം പ്രാപിച്ച വേഗതയേക്കാൾ വേഗത്തിൽ ദന്ത ഡോക്ടർമാർ പുറത്ത് വന്നു തുടങ്ങി.

2012 മുതൽ എന്റെ ക്ലിനിക്കിൽ സ്ഥിരമായി ഒരു ജൂനിയർ ഡോക്ടർ എങ്കിലും ഉണ്ടായിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും പഠിച്ച കുട്ടികൾ വന്നിട്ടുണ്ട്. 2013- 2014 കാലഘട്ടത്തിൽ 20000 രൂപ ശമ്പളം വീട്ടിൽ കൊണ്ട് പോയിട്ടുള്ള ഡോക്ടർ ഈ പോസ്റ്റ് വായിക്കുന്നുണ്ട്. മര്യാദയ്ക്ക് അറിയുന്ന ജോലി എടുക്കുകയും അറിയാത്തത് ക്ഷമയോടെ ചോദിച്ചും കണ്ടും ചെയ്തും പഠിച്ച അവരിൽ പലരും ഈ കൊച്ചു കേരളത്തിൽ തന്നെ പലയിടത്തും ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്. പ്രൈവസി ഓർത്ത് ആരെയും ടാഗ് ചെയ്യുന്നില്ല. തൃശ്ശുർ, അങ്കമാലി, പാല, എറണാകുളം, യുഎഇ, കുവൈത്ത്, കാനഡ , എന്റെ നാട്ടിൽ തൊട്ടപ്പുറത്ത് ഒക്കെ അവരിൽ പെട്ടവരുണ്ട്. ഇത് വായിക്കുന്ന അവർക്കൊക്കെ അറിയാം വർഷങ്ങളുടെ അക്ഷീണ പരിശ്രമമാണ് ഓരോരുത്തരും ഉണ്ടാക്കിയെടുത്ത പ്രാക്ടീസും റെപ്യുട്ടേഷനും. അത് ഒരു മഴയിൽ പൊട്ടിമുളച്ചതല്ല. കഠിനാധ്വാനവും സ്ഥിരോത്സാഹവുമല്ലാതെ പണം കായ്ക്കുന്ന മരമല്ല ആരും നട്ടു പിടിപ്പിച്ചത്.

കാലം കുറിച്ചിങ്ങോട്ട് ഓടി മൂന്നോട്ട് പോന്നതോടെ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നു. പഠിച്ചിറങ്ങുമ്പോൾ കൈ വിറയക്കാതെ ഒരു prescription പോലും എഴുതാനറിയാത്ത വലിയ വിഭാഗം ബിരുദധാരികളും ശമ്പളത്തിന്റെ കാര്യത്തിൽ കോമ്പ്രമൈസിനും തയ്യാറല്ല! കോളേജിൽ നിന്നും വൈകുന്നേരങ്ങളിൽ വന്ന് കേസ് കണ്ടോട്ടെ എന്ന് ചോദിച്ച കുട്ടിക്കും വേണം stipend! കോളേജിനു പുറത്തെ വലിയ ലോകത്തെ ക്ഷമയോടെ അറിയാനോ പഠിക്കാനോ അവർക്ക് താത്പര്യമില്ല. സ്വന്തം പേരിനു മുന്നിൽ ചേർക്കപ്പെടുന്ന Dr. എന്ന രണ്ടക്ഷരത്തിന്റെ അർഥവും വ്യാപ്തിയും അവർക്ക് അറിയുന്നുണ്ടോ എന്ന് സംശയമാണ്. Do you really identify yourself as a doctor എന്ന് ചോദിച്ചാൽ "ബ ബ്ബ ബ്ബ" യാണ് ഉത്തരം. But പേരിനു മുന്നിലെ ലേബലിന് പണം കിട്ടണം, മറ്റുള്ളവർ പണം കൊടുക്കണമെന്ന attitude ഉം.

ഒരു നേരം സ്വന്തമായി diagnosis ചെയ്യാനോ treatment plan ഉണ്ടാക്കാനോ രണ്ട് പല്ലുകൾ കേടുകൾ കളഞ്ഞ് വൃത്തിയായി restore ചെയ്യാനോ അറിയാത്തവരാണ് കോളേജിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് ശമ്പളമില്ല എന്ന് കരയുന്നത്. രോഗിയോട് കാര്യങ്ങൾ കൃത്യമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പോലും പലർക്കും അറിയില്ല.

പുറത്ത് പോണം.യുകെയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും! ഓടി ചെന്നാൽ ജോലി ചെയ്യുന്ന സിസ്റ്റം അവിടങ്ങളിലൊന്നും പണ്ടേയില്ല. അവിടെ ജോലി തരപ്പെടുത്തിയവരോട് ചോദിച്ചാൽ അറിയാം എന്തു പോലെ കഷ്ടപ്പെട്ടിട്ടാണ് അവരൊക്കെ ഡോളറുകൾ സമ്പാദിച്ചു തുടങ്ങിയതെന്ന്. പതിനാറ് കൊല്ലം തളരാതെ ജോലി ചെയ്ത് best clinic അവർഡ് വാങ്ങി യുകെയിൽ ഉള്ള എന്റെ സഹപാഠി ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തത് ഇന്നാണ്. Hard work and dedication pays off! ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെങ്കിലും ഇതു പോലൊക്കെ തന്നെയാണ് അവിടെയും.

ചെറുപ്പം തൊട്ട് ഡോക്ടർ ആവാനുള്ള "മോഹ" ത്തെ കുറിച്ച് വാചാലരാവുന്ന ഇൻസ്റ്റഗ്രാം ഡെന്റിസ്റ്റുകളോട് ചോദിക്കട്ടെ... ചെറുപ്പം മുതൽ ഡോക്ടർക്ക് കിട്ടുന്ന ശമ്പളമായിരുന്നോ മോഹിച്ചതും സ്വപ്നം കണ്ടതും? മോഹിച്ച പണം കിട്ടിയില്ല എന്നായപ്പോൾ വളരെ ലാഘവത്തോടെ സത്യപ്രതിജ്ഞ ചെയ്ത് ഏറ്റെടുത്ത ജോലി പുറം കാലു കൊണ്ട് തട്ടി തെറിപ്പിച്ച നിങ്ങളെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കും? എന്ത് ക്വാളിറ്റിയാണ് നിങ്ങളിൽ ജനങ്ങൾ കാണേണ്ടത്? അല്ലെങ്കിൽ ഒരു employer കാണേണ്ടത്? കിട്ടുന്ന ശമ്പളത്തിന് പകരം നിങ്ങൾ എന്താണ് ആ ക്ലിനിക്കിന് നൽകുന്നത്? Material wastage ഉം, loss of reputation നും അല്ലാതെ! മര്യാദയ്ക്ക് ഒരു impression എടുക്കാൻ നിങ്ങളിൽ എത്ര പേർക്ക് അറിയാം?

How will people trust doctors who think "money is money"! How will an employer trust you if you are placing money above clients?

People... understand that money is only money. As doctors you earn much more than money can buy! Money comes after the hours, days, weeks, months and years of perseverance!

പണത്തിൻ്റെ പേരിൽ അത് വേണ്ടെന്ന് വച്ചവർ ഡോക്ടർ ആവുന്നതിന്റെ crux മനസ്സിലാക്കിയിട്ടില്ല എന്നേ പറയാനുള്ളൂ.

ബൈ ദ ബൈ... ഡയലോഗ് മാത്രമേ ഉള്ളൂ, കൈയിൽ മരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് വന്നതിൻ്റെ നാലാം ദിവസം ഓടിച്ച് വിട്ട ജൂനിയർ ഡോക്ടർമാരും ഉണ്ടായിട്ടുണ്ട്. കൈയ്യും കെട്ടി നോക്കി നിൽക്കാനല്ലാതെ മറ്റൊന്നിനും തയ്യാറല്ലാത്തവരും ഉണ്ടായിട്ടുണ്ട്. Dentistry യിൽ തുടരുന്നിൽ vision ഇല്ലാത്തവരും തന്റെ വിഷനു വേണ്ടി പരിശ്രമിക്കാൻ കഴിയാത്തവരും കളിക്കളം വിട്ട ചരിത്രമാണ് ഈ മേഖലയിൽ. അവർക്ക് എളുപ്പം ഇൻസ്റ്റ വീഡിയോകളാണ്! പല്ല് പറിച്ചതിന്റെ തുന്നൽ എടുക്കാൻ വയ്യെന്ന് പറഞ്ഞത് എന്റെ ക്ലിനിക്കിൽ വന്നൊരു ഡോക്ടറാണ്. No wonder, she is not presently working as a dentist! Money is hard earned.

നിങ്ങളുടെ സുഹൃത്ത് രണ്ട് വർഷവും മൂന്ന് വർഷവും കഴിഞ്ഞിട്ടും പതിനയ്യായിരം രൂപയാണ് ശമ്പളം വാങ്ങുന്നത് എങ്കിൽ ഒന്നുറപ്പിച്ചോളൂ. He or she doesn't know much about dentistry. He or she doesn't do much in dentistry!

ജോലി അറിയുന്ന, ചെയ്യാൻ തയ്യാറായിട്ടുള്ള ഡോക്ടർക്ക് ഇപ്പോഴും ഇവിടെ ജോലിയുണ്ട്. ശമ്പളവും ഉണ്ട്. പിന്നെ വെറുതെ ഇരുന്നു ശമ്പളം വാങ്ങാൻ സർക്കാരല്ലല്ലോ എല്ലു മുറിയെ പണിയെടുക്കുന്ന മറ്റൊരു ഡോക്ടറല്ലേ നിങ്ങൾക്ക് ശമ്പളം തരുന്നത്?!!!!

Please don't comment stories about saturation and overflow. This story has been running in the field for the past 25 years. We are still doing better Dentistry!

Similar Posts