< Back
Kerala
മോന്‍സണ്‍ പണം തട്ടിയത് ബാങ്ക് അക്കൗണ്ടില്‍ 13.5 ബില്യൻ പൗണ്ട് എത്തിയെന്ന വ്യാജരേഖ ചമച്ച്
Kerala

മോന്‍സണ്‍ പണം തട്ടിയത് ബാങ്ക് അക്കൗണ്ടില്‍ 13.5 ബില്യൻ പൗണ്ട് എത്തിയെന്ന വ്യാജരേഖ ചമച്ച്

Web Desk
|
28 Sept 2021 10:31 AM IST

രേഖകൾ ഉണ്ടാക്കാൻ സഹായിച്ചവരെ കണ്ടെത്തണമെന്ന് പരാതിക്കാരൻ എം ടി ഷമീർ

പുരാവസ്തു കേസിലെ പ്രതി മോൻസൺ മാവുങ്കല്‍ പണം തട്ടിയത് വ്യാജ ബാങ്ക് രേഖ കാണിച്ചെന്ന് പരാതിക്കാർ. എച്ച്എസ്ബിസി ബാങ്ക് അക്കൌണ്ടിൽ 13.5 ബില്യൻ പൗണ്ട് എത്തിയെന്ന രേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ രേഖ വിശ്വസിച്ചാണ് പണം നൽകിയതെന്നും രേഖകൾ ഉണ്ടാക്കാൻ സഹായിച്ചവരെ കണ്ടെത്തണമെന്നും പരാതിക്കാരൻ എം ടി ഷമീർ ആവശ്യപ്പെട്ടു.

പുരാവസ്തുക്കളും ഡയമണ്ടും വിദേശത്തു വിറ്റ വകയില്‍ പണം എച്ച്.എസ്.ബി.സി ബാങ്ക് അക്കൌണ്ടിലെത്തിയെന്നാണ് ഇടപാടുകാരെ മോന്‍സണ്‍ വിശ്വസിപ്പിച്ചത്. ഈ തുക നാട്ടിലെത്തിക്കാൻ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള തടസങ്ങൾ നീക്കാൻ സാമ്പത്തിക സഹായം തേടിയാണ് മോൻസൺ പരാതിക്കാരെ സമീപിച്ചത്. സഹായിച്ചാൽ തന്‍റെ കമ്പനികളിൽ ഡയറക്ടർ ബോർഡ് അംഗമാക്കാമെന്നും ദീർഘകാലത്തേക്ക് ബിസിനസിനായി പലിശരഹിത വായ്പ നൽകി സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

കോടതി വിധിയും വ്യാജമായുണ്ടാക്കി

പരാതിക്കാരെ വിശ്വസിപ്പിക്കാനായി മോൻസൺ മാവുങ്കല്‍ ഫെമ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രിബ്യൂണലിന്റെ വിധി വ്യാജമായി ഉണ്ടാക്കി. കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകൾ കാണിച്ച് പരാതിക്കാരെ വിശ്വസിപ്പിച്ചു. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പന്തളം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.

മോൻസൺ മാവുങ്കലിന് ഉന്നത രാഷ്‌ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ ബന്ധങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പല ഉന്നതർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉന്നത വ്യക്തികളുമായി ബിസിനസിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും ഇയാൾ തട്ടിപ്പു നടത്താൻ ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Related Tags :
Similar Posts