< Back
Kerala
ജംഷാദ് ട്രെയിൻ തട്ടി മരിച്ചതല്ല, ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കണം; ദുരൂഹത ആരോപിച്ച് കുടുംബം
Kerala

ജംഷാദ് ട്രെയിൻ തട്ടി മരിച്ചതല്ല, ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കണം; ദുരൂഹത ആരോപിച്ച് കുടുംബം

Web Desk
|
14 May 2022 7:32 PM IST

കർണാടകയിലെ മാണ്ഡ്യയിൽ റെയിൽവെ ട്രാക്കിൽ നിന്ന് ബുധനാഴ്ച പുലർച്ചെയാണ് ജംഷാദിന്‍റെ മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: കൂരാചുണ്ട് സ്വദേശി ജംഷാദിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് ജംഷാദിന്‍റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ലഹരിമാഫിയയുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ കൂടി ജംഷാദിനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് മകന്‍റെ മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാചുണ്ട് പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കി.

ഒരു മാസം മുന്‍പ് ഒമാനില്‍ നിന്നെത്തിയ ജംഷാദ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കര്‍ണാടകയിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന് പറഞ്ഞ് രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഒരുതവണ കൂടി വിളിച്ച ജംഷാദ് കൂട്ടുകാരെ കാണാതായെന്നും ഒറ്റയ്ക്കാണെന്നും കുടുംബത്തോട് പറഞ്ഞു. ഇതിനുശേഷം ജംഷാദ് വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നാണ് പിതാവ് മുഹമ്മദ് പറയുന്നത്.

സുഹൃത്താണ് ജംഷാദിന് അപകടം പറ്റിയ വിവരം വീട്ടുകാരെ അറിയിച്ചത്. ഇതുപ്രകാരം മാണ്ഡ്യയിലെത്തിയ മുഹമ്മദിനോട് ജംഷാദ് ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. കാറില്‍ ഉറങ്ങി എഴുന്നേറ്റതിന് ശേഷം ജംഷാദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.

Similar Posts