< Back
Kerala
Kannur, Missing, കണ്ണൂര്‍, കാണാതായി
Kerala

ഞങ്ങളുടെ കുഞ്ഞു ദിയ എവിടെ? 8 വർഷം മുമ്പ് കാണാതായ കുഞ്ഞുമകളെ തേടി പ്രാർഥനയോടെ ഇന്നും കുടുംബം

Web Desk
|
13 Jan 2023 12:41 PM IST

അന്വേഷിക്കാൻ ഇനി ഇടമൊന്നുമില്ലങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ് തുടരുകയാണ് ഈ കുടുംബം

കണ്ണൂര്‍: മുറ്റത്ത് ഒരു ചെറുകൊഞ്ചൽ കേട്ടാൽ ഒരു പാദസരത്തിന്‍റെ കിലുക്കം കേട്ടാൽ നെഞ്ചിലൊരാന്തലോടെ ഫാത്തിമ സുഹ്റ ഇപ്പോഴും ഓടിയെത്തും. മഴ കനത്ത് പെയ്യുന്ന ഒരു പകൽ കൺ മുന്നിൽ നിന്ന് കാണാതായ പൊന്നുമോളെക്കുറിച്ച് ഓർത്ത് കണ്ണീര് വറ്റാത്ത കാത്തിരിക്കുകയാണ് ഒരു കുടുംബം. എട്ട് വർഷം മുൻപ് കാണാതായ മകളെ തേടി ഹൃദയമുരുകി കാത്തിരിക്കുകയാണ് ഈ കുടുംബം. കണ്ണൂർ ഇരിട്ടി കീഴ്പ്പളളിയിൽ താമസിക്കുന്ന ദമ്പതികളായ സുഹൈലും ഫാത്തിമത്ത് സുഹ്റയും ആണ് ഒരു വയസും ഏഴ് മാസവും മാത്രം പ്രായമുളളപ്പോൾ വീട്ടിൽ നിന്നും കാണാതായ ദിയ ഫാത്തിമക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്. അന്വേഷിക്കാൻ ഇനി ഇടമൊന്നുമില്ലങ്കിലും പ്രതീക്ഷ കൈവിടാതെ അവർ കാത്തിരിപ്പ് തുടരുകയാണ്.

2014 ഓഗസ്റ്റ് ഒന്നിന് മഴ കനത്ത് പെയ്ത ഒരു വെളളിയാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കാൻ മക്കളായ സിയാനെയും ദിയയെയും കൂട്ടി ഭാര്യ സുഹ്റയുടെ കോഴിയോട്ടെ വീട്ടിലെത്തിയതാണ് സുഹൈൽ. അവിടെ വെച്ച് പത്ത് മിനുറ്റ് വ്യത്യാസത്തിലാണ് കുഞ്ഞ് ദിയയെ കാണാതായത്. വീടിന് സമീപത്തെ തോട്ടിൽ ഒഴുക്കിൽ പെട്ടെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരും പൊലീസും ചേർന്ന് ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പക്ഷെ, ഈ മാതാപിതാക്കൾ ഇന്നും തെരച്ചിൽ തുടരുകയാണ്.

ദിയ മോളുടെ മുഖ സാമ്യമുളള കുട്ടിയെ എവിടെങ്കിലും കണ്ടെത്തിയെന്നറിഞ്ഞാൽ ഓടി പോയി തിരക്കും. കുഞ്ഞിനെ ആരോ തട്ടിയെടുത്തത് തന്നെയെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം. വീടിന്‍റെ അകത്തളങ്ങളിലെവിടെയോ ഒളിച്ചിരുന്ന് പിന്നെ നേരമിത്തിരി കഴിയുമ്പോൾ കുപ്പി വള കിലുങ്ങും പോലൊരു ചിരിയുമായി അവൾ ഉമ്മക്കരുകിലേക്ക് ഓടിയെത്തുമായിരുന്നു. അങ്ങനെ നീണ്ട് പോയൊരു ഒളിച്ച് കളിക്ക് ശേഷം അവൾ തിരികെ വരുമെന്ന് തന്നെയാണ് സുഹൈലിന്‍റെയും ഫാത്തിമത്ത് സുഹ്റയുടെയും ഉറച്ച വിശ്വസം.

Related Tags :
Similar Posts