
'റിദാന്‍റെ ഫോണിൽ പൊലീസിലേയും ഡാൻസാഫിലേയും പലരുടെയും രഹസ്യങ്ങൾ ഉണ്ടായിരുന്നു';ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് ഒത്തുകളിയുടെ ഭാഗമെന്ന് കുടുംബം
|കൊലപാതകത്തിന് പിന്നിൽ ഉന്നതർക്ക് പങ്കുണ്ടുണ്ടെന്ന് റിദാന്‍റെ പിതൃസഹോദരന്‍ മീഡിയവണിനോട് പറഞ്ഞു
മലപ്പുറം: എടവണ്ണയിലെ റിദാൻ ബാസില്‍ വധക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് പൊലീസിന്റെ ഒത്തുകളിയുടെ ഭാഗമാണെന്ന് കുടുംബം അന്വേഷണത്തിൽ ഇപ്പോഴും ഒരു വ്യക്തതയുമില്ല. കൊലപാതകത്തിന് പിന്നിൽ ഉന്നതർക്ക് പങ്കുണ്ട്. റിദാന്‍റെ ഫോണിൽ പൊലീസിലേയും ഡാൻസഫ് സംഘത്തിലേയും പലരുടെയും രഹസ്യങ്ങൾ ഉണ്ടായിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പിതാവിന്റെ സഹോദരൻ മുജീബ് മീഡിയവണിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. സിബിഐ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
2023 ഏപ്രിൽ 22ന് പെരുന്നാൾ ദിവസമാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിലിനെ വീടിന് സമീപത്തെ പുലിക്കുന്ന് മലയിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തിൽ തറച്ചിരുന്നത്. കേസിൽ റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര മുഹമ്മദ് ഷാനിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നാലെ കൂട്ടുപ്രതികളായ ഏഴുപേരും അറസ്റ്റിലായിരുന്നു. സാമ്പത്തിക ഇടപാടിന്റെയും വ്യക്തിവിരോധത്തിന്റെയും പേരിൽ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
ഷാനിന് മാത്രമല്ല,ഉന്നതരായ വ്യക്തികള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുടുംബം പറയുന്നു. റിദാന്‍റെ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.നേരത്തെ റിദാന്‍റെ ഫോണ്‍ ആണെന്ന് പറഞ്ഞ് പൊലീസ് മറ്റൊരു ഫോണ്‍ കണ്ടെടുത്തിരുന്നു.എന്നാല്‍ ഇതല്ല,ഫോണ്‍ എന്ന് കുടുംബം ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും കാണാതായ ഐഫോണ്‍ കണ്ടെത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.റിദാൻ ബാസിലിനെ കൊലപ്പെടുത്തിയത് സ്വർണക്കടത്തിന്റെ ഭാഗമായാണെന്ന് പി.വി അൻവർ എംഎൽഎ നേരത്തെ വെളിപ്പെടുത്തിയിരുന്നു.