
' താറാവിനെ പിടിക്കാൻ വന്നപ്പോ ഓടിച്ചതാ, നായ ചാടിവീണ് കടിച്ചു'; പ്രാഥമിക ചികിത്സകളെല്ലാം നൽകിയെന്ന് കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടിയുടെ മാതാവ്
|കുട്ടിയുടെ കൈയില്‍ ഗുരുതരമായി മുറിവേറ്റിരുന്നെന്ന് എസ്എടി സൂപ്രണ്ട് ഡോ.ബിന്ദു
കൊല്ലം: വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ ഏഴുവയസുകാരിക്ക് ആവശ്യമായ പ്രാഥമിിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാവ്. 'കഴിഞ്ഞമാസം എട്ടാം തീയതിയാണ് നായ കടിച്ചത്. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു മകൾ. മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി തെരുവ് നായ വന്നപ്പോൾ അതിനെ ഓടിക്കാൻ നോക്കി.ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടൻ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്‌സിൻ എടുക്കുകയും ചെയ്തിരുന്നു.'..മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്.ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്വീകരിച്ചുകഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.
അതേസമയം, ഏഴുവയസുകാരിയുടെ നില ഗുരുതരമെന്ന് തിരുവനന്തപുരം എസ്എടി സൂപ്രണ്ട് ഡോ.എസ്. ബിന്ദു പറഞ്ഞു.. 'ഒരു ഡോസ് വാക്‌സിൻ കൂടി കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നു.നായ കടിച്ച ഉടൻതന്നെ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു എന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. മാതാപിതാക്കള്‍ പറയുന്നതിനനുസരിച്ച് മുറിവ് അല്‍പം ഗുരുതരമാണെന്നാണ് മനസിലാക്കുന്നത്. കടിച്ച ഉടനെ വെള്ളവും സോപ്പുമിട്ട് കഴുകിയിരുന്നു.ഉടന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ തുടങ്ങി. നിലവില്‍ സാധ്യമായ ചികിത്സയെല്ലാം നല്‍കുന്നുണ്ടെന്നും ഡോ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
'കടിക്കുന്ന സമയത്ത് നായയുടെ പല്ല് നേരിട്ട് ഞരമ്പിൽ പതിക്കുമെങ്കില്‍ ഗുരുതരമാകും. ആ സാഹചര്യത്തില്‍ വാക്‌സിൻ എത്രത്തോളം ഫലപ്രദം ആകും എന്നത് സംശയമാണ്. കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ട എല്ലാം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് കുഞ്ഞിന് ബോധം ഉണ്ടായിരുന്നു. പക്ഷേ, ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. വാക്‌സിൻ ഫലപ്രദം അല്ലെന്ന് പറയാന്‍ സാധിിക്കില്ല.നായ കടിച്ചതിന്റെ തീവ്രത അനുസരിച്ചാണ് വാക്സിന്‍ പ്രവർത്തിക്കുന്നത്'..ഡോ. ബിന്ദു പറഞ്ഞു.
കൊല്ലത്ത് പേ വിഷ ബാധയേറ്റ കുട്ടിയെ കടിച്ച പട്ടി ചത്തെന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെജീന പറഞ്ഞു.കുട്ടിക്ക് കൃത്യമായ വാക്സിന്‍ എടുത്തിരുന്നെന്നും പ്രസിഡന്‍റ് പറഞ്ഞു.