< Back
Kerala
പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Kerala

പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Web Desk
|
25 April 2025 1:27 PM IST

ആയിരക്കണക്കിന് ആളുകളാണ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്

കൊച്ചി: കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന് നാട് വിട നൽകി. ഇടപ്പള്ളി ശ്മശാനത്തിൽ രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ആയിരക്കണക്കിന് ആളുകളാണ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

ഗവർണർമാരായ രാജേന്ദ്ര അർലേക്കർ, പി എസ് ശ്രീധരൻപിള്ള എന്നിവർ ചങ്ങമ്പുഴ പാർക്കിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രിമാരായ പി.രാജീവും എ.കെ ശശീന്ദ്രനും റീത്ത് സമർപ്പിച്ചു.രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സിനിമാ രംഗങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് രാമചന്ദ്രന് അന്തിമോപചാരം അർപ്പിച്ചത്.

എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് എൻ.രാമചന്ദ്രൻ. വർഷങ്ങളോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തുന്നത്. തുടർന്ന് പൊതുപ്രവർത്തനവും ചെറിയ ബിസിനസുകളും ഒക്കെയായി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ വാർത്തയെത്തിയത്.

ദുബൈയിൽ നിന്ന് നാട്ടിലെത്തിയ മകൾക്കും പേരക്കുട്ടികൾക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. പെഹല്‍ഗാമില്‍ വെച്ച് മകളും പേരക്കുട്ടികളും നോക്കിനിൽക്കെയാണ് രാമചന്ദ്രൻ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.


Similar Posts