< Back
Kerala
മുതലാളിമാരും ഡിഐജിയും തമ്മിൽ വഴിവിട്ട ബന്ധം, ഫ്രഷ് കട്ട് സമരം പൊളിക്കാനായി ഗൂഢാലോചന നടത്തി ; യതീഷ് ചന്ദ്രക്കെതിരെ കർഷക കോൺഗ്രസ്‌
Kerala

'മുതലാളിമാരും ഡിഐജിയും തമ്മിൽ വഴിവിട്ട ബന്ധം, ഫ്രഷ് കട്ട് സമരം പൊളിക്കാനായി ഗൂഢാലോചന നടത്തി '; യതീഷ് ചന്ദ്രക്കെതിരെ കർഷക കോൺഗ്രസ്‌

Web Desk
|
2 Nov 2025 10:14 AM IST

സമരം അക്രമാസക്തമാക്കുന്നതിൽ ഡിഐജിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

താമരശ്ശേരി: ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോൺഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ വഴിവിട്ട ബന്ധമെന്നുമാണ് ആരോപണം. സമരം അക്രമാസക്തമാക്കുന്നതിൽ ഡിഐജിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.സമരം അക്രമാസക്തമാക്കുന്നതിനു പിറകിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം.സമാധാനപരമായാണ് ആറുവര്‍ഷമായി സമരം നടന്നുവന്നത്. പൊലീസ് സംരക്ഷണത്തോടെയാകും ഇനി പ്ലാന്‍റ് പ്രവര്‍ത്തിക്കുകയെന്നും ഇത് യതീഷ് ചന്ദ്രയും മുതലാളിമാരും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമരത്തില്‍ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി എന്ന് യതീഷ് ചന്ദ്ര നേരത്തെ പറഞ്ഞിരുന്നു. യതീഷ് ചന്ദ്രയുടെ നിലപാട് പച്ചക്കള്ളമാണെന്നും സമരക്കാർ നേരത്തെ പറഞ്ഞിരുന്നു. ഫ്രഷ് കട്ട് സമരത്തിനെതിരായ പൊലീസ് നടപടി ജനകീയ സമരം അടിച്ചമർത്താനാണെന്ന് സമരസമിതിയംഗംങ്ങള്‍ ആരോപിച്ചിരുന്നു.

അതിനിടെ, അറവുമാലിന്യ സംസ്കരണ ശാല ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നു.കര്‍ശന ഉപാധികളോടെയാണ് പ്ലാന്‍റിന് കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവര്‍ത്തനാനുമതി നൽകിയത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കണമെന്നുമാണ് നിർദേശം. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫ്രഷ് കട്ട് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.

ഫ്രഷ് കട്ട് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ മെഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി.




താമരശ്ശേരി:

Similar Posts