< Back
Kerala
ഒരു കയ്യബദ്ധം പറ്റിയതാകാനാണ് സാധ്യത, പിന്നെ അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം; റിഫയുടെ മരണത്തെക്കുറിച്ച് പിതാവ്
Kerala

ഒരു കയ്യബദ്ധം പറ്റിയതാകാനാണ് സാധ്യത, പിന്നെ അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം; റിഫയുടെ മരണത്തെക്കുറിച്ച് പിതാവ്

Web Desk
|
30 April 2022 11:40 AM IST

സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി

കോഴിക്കോട്: ബ്ലോഗർ റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയല്ലെന്ന് കുടുംബം.ഭർത്താവ് മെഹ്നാസ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പിതാവ് റാഷിദ് മീഡിയവണിനോട് പറഞ്ഞു. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മാതാവ് ഷെറിനയും പറഞ്ഞു. സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി.

''എല്ലാവരും പറയുന്നത് അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്. ഇതിന്‍റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് തെളിയും. ഒരു കയ്യബദ്ധം പറ്റിയതാകാനാണ് സാധ്യത, പിന്നെ അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിന് പേടിക്കണം. അവരുടെ കുട്ടി ഞങ്ങളുടെ അടുത്താണ്, ഞങ്ങളുടെ അടുത്ത് മെഹ്നാസിന് വരാമല്ലോ? '' റിഫയുടെ പിതാവ് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍‌പ് തന്നെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. രണ്ടു കൊല്ലം കഴിഞ്ഞ ശേഷം എന്തായാലും നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. അവള്‍ക്ക് ജീവിക്കാനാഗ്രഹമുണ്ടായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഈ വിവാഹത്തില്‍ കുടുംബക്കാരെല്ലാം എതിരായിരുന്നുവെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മെഹ്നാസിനെതിരെ ഇന്നലെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസിന്‍റെ അന്വേഷണ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. മാർച്ച് ഒന്നിന് ദുബൈ ജാഹിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.കാക്കൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.



Related Tags :
Similar Posts