< Back
Kerala
ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി; കുട്ടികൾ മരിച്ചു
Kerala

ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി; കുട്ടികൾ മരിച്ചു

Web Desk
|
4 Jun 2022 6:18 PM IST

ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്ന നടപ്പാലത്തിന് മുകളിൽ നിന്ന് പിതാവ് രണ്ട് കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു

എറണാകുളം: ആലുവയിൽ പുഴയിൽ ചാടിയ രണ്ടു കുട്ടികൾ മരിച്ചു. അച്ഛനും മക്കളുമാണ് പുഴയിൽ ചാടിയത്. അച്ഛന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകീട്ട് നാലരയോടെയാണ് പിതാവ് രണ്ടു കുട്ടികളുമായി പുഴയിൽ ചാടിയത്.

ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്ന നടപ്പാലത്തിന് മുകളിൽ നിന്ന് പിതാവ് രണ്ട് കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 16 വയസ്സുള്ള പെൺകുട്ടിയെയും 13 വയസ്സുള്ള ആൺകുട്ടിയെയുമാണ് ഇയാൾ പുഴയിലേക്ക് എറിഞ്ഞത്. ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എറിഞ്ഞ പിതാവ് പിന്നീട് പെൺകുട്ടിയെ പുഴയിലേക്ക് എറിയുന്നതിനിടെ കുട്ടി കുതറി മാറിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പിന്നീട് ബലമായി പിടിച്ച് പെൺകുട്ടിയെ ഇയാൾ പുഴയിലേക്ക് എറിയുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയിരുന്നു. ഫയർഫോഴ്‌സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നല്ല ഒഴുക്കുള്ള സ്ഥലത്താണ് പിതാവ് രണ്ടു കുട്ടികളെയുംകൊണ്ട് ചാടിയത്. ഇവർ തമ്മനം സ്വദേശികളാണെന്നാണ് സൂചന. പിതാവിനായുള്ള തിരച്ചിൽ ഫയർഫോഴ്‌സ് ഊർജിതമാക്കിയിരിക്കുകയാണ്.



Similar Posts