< Back
Kerala
Father ,Thalassery , money ,Alice, bracelet, Vinit Srinivasan, innocent
Kerala

'കുട്ടിക്കാലത്ത് അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാർ ഓരോരുത്തരായി അരങ്ങൊഴിന്നു'; വിനിത് ശ്രീനിവാസൻ

Web Desk
|
27 March 2023 11:45 AM IST

ഗീത് ഹോട്ടലിനു വെളിയിൽ ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നുവെന്നും നഷ്ടം നമുക്കു മാത്രമാണെന്നും വിനിത് പറഞ്ഞു

ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ച് നടനും സംവിധായകനുമായ വിനിത് ശ്രീനിവാസൻ. തന്റെ കുട്ടിക്കാലത്ത് അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാർ ഓരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയിൽ ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നുവെന്നും നഷ്ടം നമുക്കു മാത്രമാണെന്നും വിനിത് പറഞ്ഞു.

കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഒരുമണി വരെയാണ് സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.

ന്യൂമോണിയ ബാധിച്ച് ഈ മാസം നാലിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.

രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.. 💔

Similar Posts