
കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ
|പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥിനികളാണ് മരിച്ച കുട്ടികൾ
കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വനിതാ ഹോസ്റ്റലിലാണ് സംഭവം. പത്തിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
കൊല്ലത്ത് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയായ പത്താം ക്ലാസ്സ് വിദ്യാർഥിയുമാണ് മരിച്ചത്. ഹോസ്റ്റലിന്‍റെ മുകളിലത്തെ നിലയിലെ മുറിയിൽ ആയിരുന്നു പെൺകുട്ടികൾ. അഞ്ച് മണിക്കുള്ള പ്രാക്ടിസിന് കുട്ടികൾ എത്തിയില്ല. തുടർന്ന് ഹോസ്റ്റൽ വാർഡനും മറ്റ് കുട്ടികളും ചേർന്ന് മുറി തുറന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സായി അധികൃതർ കൊല്ലം ഇസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. ഒരാൾ കബഡിയും മറ്റൊരാൾ അത്ലറ്റിക്സ് ഇന്നതിലും ആണ് മത്സരിക്കുന്നത്. ഇന്നലെയും കുട്ടികൾ മത്സരത്തിന് പോയിരുന്നു. കഴിഞ്ഞ രാത്രി വൈകിയും കുട്ടികളെ മുറിക്ക് പുറത്ത് സുഹൃത്തുക്കൾ കണ്ടിരുന്നു. ജീവനൊടുക്കാൻ ഉള്ള കാരണമെന്തെന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉള്ളവർ ഹോസ്റ്റലിലെത്തി പരിശോധനകൾ നടത്തി. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)