< Back
Kerala
Film shooting at Taluk Hospital; The Human Rights Commission filed a case,fahad fasil,answara rajan,painkili movie,latest news,താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസേടുത്തു
Kerala

താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Web Desk
|
28 Jun 2024 1:36 PM IST

ചിത്രീകരണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിച്ചു

എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.

ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് ആരോപണം.

പരിമിതമായ സ്ഥലം മാത്രമുള്ള അത്യാഹിത വിഭാഗത്തിലെ സിനിമാ ചിത്രീകരണം രോ​ഗികളെ ഉൾപ്പെടെ വലച്ചു. ​ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല. ചിത്രീകരണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.

Similar Posts