
പിഎസ്‍സി ശമ്പള വര്‍ധനവിനെ ആദ്യം ധനവകുപ്പ് എതിര്‍ത്തു; കാബിനറ്റ് രേഖ പുറത്ത്
|മുഖ്യമന്ത്രി ഇടപെട്ട് ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ധനവകുപ്പ് നിലപാട് മാറ്റിയത്
തിരുവനന്തപുരം: പിഎസ് സി ചെയര്‍മാന്‍റെയും അംഗങ്ങളുടേയും ശമ്പളം വര്‍ധിപ്പിക്കുന്നതിനെ ആദ്യം ധനവകുപ്പ് എതിര്‍ത്തിരുന്നതായി കാബിനറ്റ് നോട്ട്. കേന്ദ്ര നിരക്കില്‍ ഡിഎ നല്‍കുന്നതിനേയും ധനവകുപ്പ് എതിര്‍ത്തെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ നിലപാട് മാറ്റി.
കേന്ദ്ര നിരക്കിലെ ഡിഎ നല്‍കുന്നതിന് ഒപ്പം വീട്ടുവാടക അലവന്‍സ്,യാത്രാ ബത്ത എന്നിവ വര്‍ധിപ്പിക്കുന്നതിനെ തുടക്കത്തിലെ ധനവകുപ്പ് എതിര്‍ത്തു. അപ്പോള്‍ കേന്ദ്ര നിരക്കില്‍ ഡിഎ നല്‍കാന്‍ നിയമഭേദഗതി ഉണ്ടെന്നായിരുന്നു പൊതുഭരണ വകുപ്പിന്‍റെ വാദം. 2,24,100 രൂപ ശമ്പളമായി നിശ്ചയിക്കുന്നതിന് ഒപ്പം 42 ശതമാനം ഡിഎയും മറ്റ് ആനുകൂല്യങ്ങളും നല്‍കിയാല്‍ ആകെ ശമ്പളം മൂന്നര ലക്ഷം കവിയും. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രനിരക്കില്‍ ഡിഎ അനുവദിക്കാനാവില്ലെന്ന് അപ്പോഴും ധനവകുപ്പ് തറപ്പിച്ചു പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രി ഡിഎയുടെ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ഫയല്‍ ധനമന്ത്രിക്ക് നല്‍കി. ഇതോടെ ഡിഎയുടെ കാര്യത്തിലെ ആദ്യ എതിര്‍പ്പില്‍ നിന്ന് ധനവകുപ്പ് പിന്‍മാറി.
എന്നിട്ടും കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് തല്‍ക്കാലം വര്‍ധനവ് വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വീണ്ടും വിഷയം ഈ വര്‍ഷം ഫെബ്രുവരി 19 മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക് കൊണ്ടു വന്നാണ് ശമ്പള വര്‍ധനവ് നല്‍കിയത്. മുന്‍കാല പ്രാബല്യം നല്‍കണമെന്ന പിഎസ് സിയുടെ ആവശ്യം അംഗീകരിക്കാതിരുന്നതും ധനവകുപ്പിന്‍റെ എതിര്‍പ്പ് മുലമാണെന്ന് കാബിനറ്റ് രേഖയില്‍ വ്യക്തമാണ്. ഉത്തരവ് ഇറങ്ങിയതോടെ പിഎസ് സി ചെയര്‍മാന് 3.6 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 3.5 ലക്ഷം രൂപയും ലഭിക്കും.