
കേരള സര്‍വകലാശാല രജിസ്ട്രാറെ നിയമിക്കാന്‍ അധികാരം സിന്‍ഡിക്കേറ്റിനെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
|കോടതി വിധി സര്‍വകലാശാലകള്‍ക്ക് പൊതുവില്‍ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു
കൊല്ലം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരള സര്‍വകലാശാല രജിസ്ട്രാറെ നിയമിക്കാന്‍ അധികാരം സിന്‍ഡിക്കേറ്റിനെന്ന് മന്ത്രി പറഞ്ഞു. വിധിയിൽ വിസി എന്ത് സമീപനം ആണ് സ്വീകരിക്കാൻ പോകുന്നത് എന്ന് നോക്കണം. സിന്‍ഡിക്കേറ്റാണ് നിയമപരമായി അപ്പോയിന്റിങ് അതോറിറ്റി. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല, ഉന്നതവിദ്യാഭ്യാസ മേഖയി എന്നിവയിലെല്ലാം വ്യക്തികള്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
യുണിവേഴ്‌സിറ്റി എന്ന സമ്പ്രദായത്തില്‍ സിസ്റ്റമുണ്ട്. അതിനാല്‍ ഇനിയെങ്കിലും ഇത്തരം കാര്യങ്ങളും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. കോടതി വിധി സര്‍വകലാശാലകള്‍ക്ക് പൊതുവില്‍ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു.