< Back
Kerala
മുണ്ടക്കൈ ചൂരൽമല ദുരന്തം; പുനരധിവാസത്തിന് കൂടുതൽ തുക ലഭിക്കേണ്ടിയിരുന്നുവെന്ന് ധനമന്ത്രി

 കെ.എൻ ബാലഗോപാൽ Photo| MediaOne

Kerala

മുണ്ടക്കൈ ചൂരൽമല ദുരന്തം; പുനരധിവാസത്തിന് കൂടുതൽ തുക ലഭിക്കേണ്ടിയിരുന്നുവെന്ന് ധനമന്ത്രി

Web Desk
|
2 Oct 2025 10:43 AM IST

മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കുന്നതിന് എതിർപ്പില്ല

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തനിവാരണത്തിന് കൂടുതൽ തുക ലഭിക്കേണ്ടിയിരുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കുന്നതിന് എതിർപ്പില്ല. അർഹമായ തുക കിട്ടാതിരിക്കുന്നത് വലിയ പ്രശ്നമാണ്. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മുണ്ടക്കൈ പുനർനിർമാണത്തിനായി കേന്ദ്രം അനുവദിച്ച 260.56 കോടി കേരളത്തോടുള്ള കടുത്ത അവഗണനയ്ക്കുള്ള ഉദാഹരണമാണെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. ദുരന്തം നടന്ന് 5 മാസം കഴിഞ്ഞ് L3 വിഭാഗത്തിൽ ഉള്ള ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതായി. 2221 കോടി ചോദിച്ചിട്ട് 260 കോടി രൂപ മാത്രം നൽകിയത് അവഗണനയാണെന്നും രാജൻ ചൂണ്ടിക്കാട്ടി.

പുനരധിവാസത്തിനായി 260 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 4645.60 കോടി രൂപയാണ് അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുവദിച്ചത്. അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം. അസമിന് 4645 കോടി രൂപയാണ് ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് വൻ ജിഎസ്ടി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിനും ധനമന്ത്രി മറുപടി നൽകി. ശക്തമായ നടപടികൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെന്നും സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേമ പെൻഷൻ വർധിപ്പിക്കുന്ന കാര്യങ്ങൾ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പോസിറ്റീവായി കാര്യങ്ങൾ ചെയ്യണമെന്നാണ് സർക്കാരിന്‍റെ ആഗ്രഹം. മാധ്യമങ്ങളിൽ വരുന്നത് ഊഹിച്ചു പറയുന്നതായിരിക്കും. ഒന്നിന് പുറകെ ഒന്നായി സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നു. ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന തീരുമാനങ്ങളാണ് മനസ്സിലുള്ളതെന്നും ബാലഗോപാൽ വ്യക്തമാക്കി.

പൂജാ ലോട്ടറി സമ്മാനത്തുകയിൽ വലിയ വ്യത്യാസം വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട തുകയും വലിയ രീതിയിൽ കുറച്ചിട്ടുണ്ട് . 28 ശതമാനത്തിൽ നിന്ന് 40 ആയി ഉയരുമ്പോൾ വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്. ടിക്കറ്റിന്‍റെ വില വർദ്ധിപ്പിക്കാതെയാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. ധൈര്യമായി ബമ്പർ എടുത്തോളൂ എന്നും മന്ത്രി പറഞ്ഞു.

Similar Posts