< Back
Kerala
ആന്റോ ആന്റണി എംപിക്ക് പണം നൽകിയെന്ന ഫിനാൻസ് ഉടമയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പോരിലേക്ക്; വിവാദം ഇഡി റെയ്ഡിന് പിന്നാലെ
Kerala

ആന്റോ ആന്റണി എംപിക്ക് പണം നൽകിയെന്ന ഫിനാൻസ് ഉടമയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പോരിലേക്ക്; വിവാദം ഇഡി റെയ്ഡിന് പിന്നാലെ

Web Desk
|
8 Feb 2026 6:34 AM IST

കൂടുതല്‍ രേഖകള്‍ പുറത്ത് വിടുമെന്ന് എൻ.എം രാജു

പത്തനംതിട്ട: പത്തനംതിട്ട എംപി ആന്റോ ആന്റണിയും നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം രാജുവും തമ്മിലുള്ള സാമ്പത്തിക ആരോപണങ്ങൾ രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നു. നിക്ഷേപകരുടെ പണം എംപിക്ക് നൽകിയെന്ന വെളിപ്പെടുത്തൽ വിവാദമായതോടെ, കൃത്യമായ രേഖകൾ കൈവശമുണ്ടെന്ന വാദവുമായി ഇരുപക്ഷവും നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. ഇഡി റെയ്ഡിന് പിന്നാലെയാണ് സംഭവം വിവാദമായത്.

തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം രാജു ഉന്നയിച്ച വെളിപ്പെടുത്തലുകൾ ആൻ്റോ ആൻറണി എംപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിക്ഷേപകരുടെ പണത്തിൽ നിന്നും രണ്ട് കോടി രൂപ ആന്റോ ആന്റണി എംപിക്ക് നൽകിയെന്നും, കഴിഞ്ഞ ഏഴു വർഷമായി ഇത് തിരികെ ചോദിച്ചു പിന്നാലെ നടക്കുകയാണെന്നുമാണ് രാജുവിന്റെ ആരോപണം. എന്നാൽ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് ആന്റോ ആന്റണിയുടെ തീരുമാനം. രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് സഹായമായി നൽകിയ തുകയാണെന്നും, അത് കൃത്യമായി തിരികെ നൽകിയെന്നും എംപി വാദിക്കുന്നു. രാജു ഇപ്പോൾ എൽഡിഎഫുമായി ചേർന്ന് തന്നെ തേജോവധം ചെയ്യുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ ഈ പണമിടപാടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് എംപിയുടെ പ്രധാന വാദം. എന്നാൽ ക്രൈം ബ്രാഞ്ചിനും ഇഡിക്കും നൽകിയ മൊഴിയിൽ എൻ.എം രാജു ഉറച്ചുനിൽക്കുകയാണ്. വെറും 20 ലക്ഷം രൂപ മാത്രമാണ് മടക്കി ലഭിച്ചതെന്നും ബാക്കി തുക നിക്ഷേപകർക്ക് നൽകാനുള്ളതാണെന്നും രാജു പറയുന്നു. കഴിഞ്ഞ ദിവസം നെടുമ്പറമ്പിൽ ഫിനാൻസിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

വിഷയത്തെ നിയമപരമായി നേരിടുമെന്ന് ആന്റോ ആന്റണി വ്യക്തമാക്കുമ്പോൾ, വരും ദിവസങ്ങളിൽ പണത്തിന്റെ കൃത്യമായ സ്രോതസും കൈമാറ്റ രേഖകളും പുറത്തുവിടാൻ ഒരുങ്ങുകയാണ് എൻ.എം രാജു. ആരോപണ പ്രത്യാരോപണങ്ങൾ മുറുകുമ്പോഴും സാധാരണക്കാരായ നിക്ഷേപകരുടെ പണം എവിടെപ്പോയി എന്ന ചോദ്യം പത്തനംതിട്ടയിൽ രാഷ്ട്രീയ ചർച്ചയായി തുടരുന്നു.

Similar Posts