< Back
Kerala
Financial Review Report , niyamasabha,kerala,latest malayalam news,നിയമസഭ,സാമ്പത്തിക അവലോകന റിപ്പോർട്ട്,ആഭ്യന്തര ഉത്പാദനം,നികുതി വരുമാനം,പൊതു കടം
Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനത്തിൽ വളർച്ച; സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ

Web Desk
|
2 Feb 2024 1:53 PM IST

നികുതി വരുമാനത്തില്‍ നേരിയ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 6.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. എന്നാല്‍ നികുതി വരുമാനത്തില്‍ നേരിയ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. പൊതു കടവും കൂടി. എന്നാല്‍ കടത്തിന്‍റെ വളര്‍ച്ചാ നിരക്കിന്‍റെ തോത് കുറഞ്ഞിട്ടുണ്ട് . സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വെച്ചു.

ആഭ്യന്തര വളര്‍ച്ച നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണെന്ന് സാമ്പത്തിക അവലോക റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര ഉല്‍പാദനത്തിലെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനം രേഖപ്പെടുത്തയതിനൊപ്പം റവന്യു കമ്മിയും ധനക്കമ്മിയും കുറയുകയും ചെയ്തു. കഴിഞ്ഞ തവണ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് 12.97 ശതമാനമായിരുന്നു. അതായത് വളര്‍ച്ചാ നിരക്കിന്‍റെ തോതില്‍ കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്താനായില്ല. 2021- 22 ല്‍ കോവിഡിന് ശേഷമുള്ള വീണ്ടെടുപ്പും ഉത്തേജന പാക്കേജുകളുമാണ് അന്നത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന് കാരണം. ഇത്തവണ വളര്‍ച്ചാ നിരക്കിന്‍റെ ശതമാനം പകുതിയായി കുറഞ്ഞു.

റവന്യു കമ്മി 0.88 ശതമാനമാണ് കുറഞ്ഞത്. ധനകമ്മി 2.44 ശതമാനം കുറഞ്ഞു. റവന്യു വരുമാനം 12.48 ശതമാനത്തില്‍ നിന്നും 12.69 ശതമാനമായി കൂടി. തനത് നികുതി വരുമാനത്തിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 22.41 ശതമാനമായിരുന്നത് ഇത്തവണ 23.36 ആയി മാറി. ഇതിന് കാരണം ജിഎസ്ടി,വില്‍പന നികുതി, വാറ്റ് എന്നിവയിലുണ്ടായ വളര്‍ച്ചയാണ്. സംസ്ഥാത്തിന്‍റെ തനത് നികുതി വരുമാനത്തിന്‍റെ വളര്‍ച്ച ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കുറവായിരുന്നുവെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ കേന്ദ്ര വിഹിതത്തില്‍ 4.6 ശതമാനത്തിന്‍റെ കുറവും ഉണ്ടായി. സംസ്ഥാനത്തിന്‍റെ പൊതുകടത്തിന്‍റെ വളര്‍ച്ചാ നിരക്ക് 10.16 ശതമാനത്തില്‍ നിന്നും 8.19 ശതമാനമായി കുറഞ്ഞു. ആകെ പൊതു കടം 2,38000.96 കോടിയാണ്. ഇതില്‍ ആഭ്യന്തര കടം 210791.60 കോടിയില്‍ നിന്നും 227137.08 കോടിയായി ഉയര്‍ന്നു.


Similar Posts