< Back
Kerala
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം
Kerala

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; തീ നിയന്ത്രണവിധേയം

Web Desk
|
29 Nov 2025 10:03 AM IST

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. സി ബ്ലോക്കിന്‍റെ ഒൻപതാം നിലയിൽ എസി പ്ലാന്‍റ് സ്ഥാപിച്ച ഭാഗത്താണ് തീപിടിച്ചത്. ആളപായമില്ലെന്നും തീപിടിത്തം ആശുപത്രി പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അറിയിച്ചു.

രാവിലെ 9.50 നാണ് ബേബി മെമ്മോറിയാൽ ആശുപത്രിയുടെ മുകൾ ഭാഗത്തു നിന്ന് തീയും പുകയും ഉയർന്നത്. പുതിയ കെട്ടിടത്തിന്‍റെ മുകൾഭാഗത്തുള്ള എസി പ്ലാന്‍റിൽ പണി നടക്കുന്നതിടെയാണ് തീപിടിത്തമുണ്ടായത്. ഉടനെ തന്നെ തീയണക്കാനും ശ്രമം തുടങ്ങി.

പുതിയ എസി ചില്ലർ സ്ഥാപിക്കുന്നതിന്‍റെ വെൽഡിങ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണ് തീ പിടിക്കുകയായിരുന്നു. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തമുണ്ടായത്. ആദ്യഘട്ടത്തിൽ ആശുപത്രിയിലെ ഫയർ സിസ്റ്റം ഉപയോഗിച്ച് ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് തീയണക്കാൻ ശ്രമം നടത്തി. വൈകാതെ ഫയർഫോഴ്‌സിന്‍റെ 4 യൂണിറ്റുകളും എത്തി തീ പൂർണമായി നിയന്ത്രണവിധേയമാക്കി.

തീപിടുത്തം രോഗികളെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി പഴയ രീതിയിൽ പ്രവർത്തന സജ്ജമായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി അധികൃതരുമായി സംസാരിച്ചു.


Similar Posts