< Back
Kerala
First accused suspended in Fake Case Against Congress leader in Wayanad

Photo | MediaOne

Kerala

വയനാട്ടിൽ കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: ഒന്നാം പ്രതിയെ സസ്പെൻഡ് ചെയ്ത് പാർട്ടി

Web Desk
|
30 Sept 2025 8:38 PM IST

അനീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കൽപറ്റ: വയനാട്ടിൽ കോൺഗ്രസ് നേതാവ് തങ്കച്ചനെ വ്യാജ കേസിൽ കുടുക്കിയതിൽ പാർട്ടി നടപടി. ഒന്നാം പ്രതി അനീഷ് മാമ്പള്ളിയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മീനങ്ങാടി ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റായ അനീഷിനെ കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അനീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ആഗസ്റ്റിന് 22നാണ്, പുൽപ്പള്ളിയിലെ വീടിന്റെ കാർപോർച്ചിൽ നിന്ന് മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് തങ്കച്ചൻ 17 ദിവസം ജയിലിൽ കിടന്നു.

താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്നും ആദ്യം മുതൽ തങ്കച്ചൻ പറഞ്ഞിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും തങ്കച്ചൻ ആരോപിച്ചിരുന്നു.

പിന്നീട് മുഖ്യമന്ത്രി, ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും പുനരന്വേഷണം നടക്കുകയും നിരപരാധിത്വം തെളിഞ്ഞ് തങ്കച്ചൻ ജയിൽ മോചിതനാവുകയും ചെയ്തിരുന്നു. യഥാർഥ പ്രതിയായ മരക്കടവ് സ്വദേശി പ്രസാദ് പിടിയിലായതോടെയാണ് തങ്കച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.

വിഷയത്തിൽ അന്വേഷണത്തിനായി കെപിസിസി ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി അധ്യക്ഷന്റെ നിർദേശപ്രകാരം അനീഷിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

Similar Posts