< Back
Kerala
അച്ഛനേയും മകളേയും മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
Kerala

അച്ഛനേയും മകളേയും മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

Web Desk
|
30 Sept 2022 11:41 PM IST

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു.

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അച്ഛനേയും മകളേയും മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സുരേഷ് എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്.

കാട്ടാക്കട ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇനി നാല് പേരാണ് അറസ്റ്റിലാവാനുള്ളത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു.

ജീവനക്കാര്‍ ചെയ്തത് ഒരിക്കലും നീതീകരിക്കാനാവാത്ത കാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഒരു ആവശ്യത്തിനായി കെ.എസ്.ആര്‍.ടി.സിയിലെത്തിയ അച്ഛനേയും മകളേയും മര്‍ദിച്ച പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായിരിക്കുന്നത്.

തന്നേയും മകളേയും മർദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടി മർദനമേറ്റ പ്രേമനൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

സംഭവത്തിൽ പ്രതികളായ ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ്, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്റ് സി.പി മിലൻ, കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്. അജികുമാർ എന്നിവരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തിരുന്നു.

സെപ്തംബർ 20ന് രാവിലെയാണ് പ്രേമനനും മകൾക്കും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയുടെ കൺസഷന് കോഴ്‌സ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു.

തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും കൺസഷൻ അനുവദിക്കണമെന്നും പ്രേമൻ അഭ്യർഥിച്ചു. ഇതോടെയാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്.

Similar Posts