
'ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാറെന്ന് പറഞ്ഞ് പണം തട്ടി';ഭൂട്ടാന്‍ വാഹനക്കടത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
|ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു.ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.എറണാകുളം സ്വദേശി യഹിയ എന്നയാളാണ് പരാതിക്കാരന്‍.
നേപ്പാളിലെ ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ കാർ എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്.രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.പരാതിക്കാരന്റെ വാഹനം ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്, പൊലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ ആദ്യമായാണ് ഒരു പരാതിയിൽ കേസെടുക്കുന്നത്.
ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് 'ഓപറേഷന്‍ നുംഖൂർ' എന്ന പേരില്‍ സെപ്തംബര്‍ മാസത്തില്‍ പരിശോധന നടത്തിയിരുന്നു. നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ തുടങ്ങിയവരുടെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.