
Photo| Special Arrangement
മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേര്‍ കൂടി പിടിയില്‍
|ഇവർ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികൾ ആണെന്ന് പൊലീസ് പറയുന്നു.
മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ ആസൂത്രകനടക്കം അഞ്ച് പേര്‍ കൂടി പിടിയില്‍. ചാവക്കാട് തിരുവത്ര സ്വദേശികളായ ഷമീര്‍, നസ്രു, അകലാട് മൂന്നേനി സ്വദേശി സുഫീർ, ചൊവ്വന്നൂര്‍ മരത്തന്‍കോട് സ്വദേശി അൻസാർ, തിരുനെല്ലൂര്‍ പാവറട്ടി സ്വദേശി നജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.
ആഗസ്റ്റ് 12നാണ് പാണ്ടിക്കാട്ടെ പ്രവാസി വ്യവസായിയായ ഷമീറിനെ ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഷമീറിനെ ആദ്യം ചാവക്കാട്ടേക്കും പിന്നീട് കൊല്ലത്തെ രഹസ്യകേന്ദ്രത്തിലേക്കുമായിരുന്നു സംഘം തട്ടിക്കൊണ്ടുപോയത്.
ഇവിടെ വച്ച് മലപ്പുറത്തു നിന്നുള്ള അന്വേഷണസംഘം അതിസാഹസികമായാണ് ഷമീറിനെ മോചിപ്പിച്ചതും പ്രതികളെ പിടികൂടിയതും. ഈ കേസിലെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെയുള്ള അഞ്ച് പേരാണ് ഇന്ന് പിടിയിലായത്. ഇവർ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികൾ ആണെന്ന് പൊലീസ് പറയുന്നു.
കേസിൽ 11 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.