< Back
Kerala
തുഷാർ ഗാന്ധിയെ തടഞ്ഞ കേസിൽ ബിജെപി വാർഡ് കൗൺസിലർ ഉൾപ്പടെ അഞ്ച് സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ
Kerala

തുഷാർ ഗാന്ധിയെ തടഞ്ഞ കേസിൽ ബിജെപി വാർഡ് കൗൺസിലർ ഉൾപ്പടെ അഞ്ച് സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
13 March 2025 9:24 PM IST

നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്

തിരുവനന്തപുരം: തുഷാർ ഗാന്ധിയെ തടഞ്ഞ കേസിൽ ബിജെപി വാർഡ് കൗൺസിലർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. സംഘ്പരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂബ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപിയുടെ വാർഡ് കൗൺസിലറാണ് മഹേഷ്.

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അക്രമത്തിനെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്.

കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തുഷാർ ഗാന്ധി നടത്തിയ പ്രസംഗമാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാർ ഗാന്ധിയുടെ വാഹനം സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഗാന്ധിമണ്ഡലം പ്രവർത്തകരോട് തട്ടിക്കയറി. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ തുഷാർ ഗാന്ധി നിലപാടിൽ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു.'ഗാന്ധിജി കീ ജയ് 'എന്ന് വിളിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്.

തുഷാർ ഗാന്ധി തലച്ചോറും നാവും അർബൻ നക്സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും പണയം വെച്ചു എന്നാണ് ബിജെപിയുടെ പുതിയ പ്രസ്താവന. തുഷാർ ഗാന്ധി മാനസിക രോഗിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞിരുന്നു.

Similar Posts