
'ഇതിൻ്റെ അകത്ത് കിടക്കേണ്ടിയിരുന്ന പലരും ഇപ്പൊ മരണപ്പെട്ടു'; കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലാറ്റ് സമുച്ചയം ഭവനരഹിതർക്ക് ഇനിയും കൈകൈമാറിയില്ല
|മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം
കൊച്ചി: എറണാകുളം കൊച്ചിയിലെ ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങൾക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറിയില്ല. നിര്‍മാണം പൂര്‍ത്തിയായില്ല എന്നാണ് കൊച്ചി കോര്‍പറേഷന്റെ വിശദീകരണം.
മൂന്ന് മാസം മുമ്പാണ് എറണാകുളം തുരുത്തിയില്‍ 11 നിലകളുള്ള രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.ഉദ്ഘാടനം ചെയ്ത് താക്കോലും കൈമാറിയിരുന്നു. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 394 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സെപ്തംബര്‍ 27 ന് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഗുണഭോക്താക്കള്‍ക്ക് ഫ്ളാറ്റുകള്‍ കൈമാറിയിട്ടില്ല. ഫ്ലാറ്റ് താമസയോഗ്യമായിട്ടില്ലെന്നാണ് കോര്‍പറേഷന്റെ വിശദീകരണം.
നിര്‍മാണം കഴിഞ്ഞെന്ന വ്യാജേന , തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് തിടുക്കത്തില്‍ ഉദ്ഘാടനം നടത്തിയെന്നാണ് ആക്ഷേപം. 'ഈ ഫ്ളാറ്റിലേക്ക് താമസം മാറേണ്ടിയിരുന്ന പലരും ഇപ്പോള്‍ മരിച്ചു.പുതിയ ഫ്ളാറ്റില്‍ താമസിക്കുന്നത് സ്വപ്നം കണ്ടിരുന്ന ഒരാള്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. എത്രയും വേഗം ഈ ഫ്ളാറ്റ് കൈമാറണമെന്നാണ് പറയാനുള്ളതെന്നും' പ്രദേശവാസികള്‍ പറയുന്നു.
പുതിയ ഫ്ലാറ്റിലേക്ക് ഉടന്‍ താമസം മാറാമെന്ന് കരുതിയ ഗുണഭോക്താക്കള്‍ അനിശ്ചിതമായി കാത്തിരിക്കുകയാണ്.പണി എന്ന് തീരുമെന്ന ചോദ്യത്തിന് കോര്‍പറേഷന് ഉത്തരമില്ല.നിലവിലെ സ്ഥിതിയില്‍ ആറ് മാസമെങ്കിലും എടുക്കാനാണ് സാധ്യത.