
കൈക്കൂലി കേസുകളിൽ പ്രതിയായ ഉദ്യോഗസ്ഥന് വേണ്ടി വനം മന്ത്രിയുടെ ഇടപെടൽ
|പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സർവീസിൽ തിരിച്ചെടുക്കാനാണ് വനംവകുപ്പ് ഉത്തരവിറക്കിയത്
തിരുവനന്തപുരം: പത്തിലധികം കേസുകളിൽ പ്രതിയായ കൈക്കൂലി ഉദ്യോഗസ്ഥന് വേണ്ടി വനം മന്ത്രിയുടെ ഇടപെടൽ . പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സർവീസിൽ തിരിച്ചെടുക്കാനാണ് വനംവകുപ്പ് ഉത്തരവിറക്കിയത്.
ഈ മാസം 30ന് വിരമിക്കുന്ന സുധീഷ് കുമാറിന് സർവീസ് ആനുകൂല്യം നൽകാനും നിർദേശമുണ്ട് . നടപടിക്ക് വനം മന്ത്രിയുടെ അംഗീകരമുണ്ടെന്നും ഉത്തരവിൽ പറയുന്നു. സുധീഷിനെ പിരിച്ചുവിടാൻ വനം സെക്രട്ടറി ഇറക്കിയ ഉത്തരവും മന്ത്രി തള്ളിയിരുന്നു. കൈക്കൂലി കേസിൽ ജാമ്യം ലഭിച്ചത് കാട്ടിയാണ് സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്.
അതേസമയം സുധീഷ് കുമാറിന് വഴിവിട്ട സഹായം നൽകിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ആഭ്യന്തരവകുപ്പിന്‍റെ ശിപാർശക്കനുസരിച്ചാണ് ഇളവ് നൽകിയത്. വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കേ കടുത്ത നടപടി എടുക്കരുത് എന്ന് നിയമത്തിലുണ്ട്. അതു പാലിക്കുക മാത്രമാണ് ഫയലിൽ വനമന്ത്രി ചെയ്തത്. അതിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. മൃദു സമീപനം സ്വീകരിച്ചു എന്നൊരു തോന്നൽ ഉണ്ടാകാം എന്നാൽ അതുമില്ല. അയാൾക്ക് അർഹതപ്പെട്ടത് മാത്രമാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.