< Back
Kerala
ശബരിമല സ്വർണക്കൊള്ള: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം
Kerala

ശബരിമല സ്വർണക്കൊള്ള: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം

Web Desk
|
23 Jan 2026 12:52 PM IST

ശബരിമല സ്വർണകൊള്ള കേസിൽ ആദ്യമായി ജയിൽ മോചിതനാക്കുന്ന വ്യക്തിയാണ് മുരാരി ബാബു

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം.ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം അനുവദിച്ചത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.

കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.ശബരിമല സ്വർണകൊള്ള കേസിൽ ആദ്യമായി ജയിൽ മോചിതനാക്കുന്ന വ്യക്തിയാണ് മുരാരി ബാബു.അഡ്വക്കേറ്റ് സജികുമാർ ചങ്ങനാശ്ശേരിയാണ് മുരാരിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

അതിനിടെ, ശബരിമലയിലെ സ്വർണകൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എസ്ഐടി വിശദമായി പരിശോധിച്ചു.

ശബരിമലയിലെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനത്തിന് തന്ത്രിയുടെ ഇടപെടൽ വ്യക്തമായതിന് പിന്നാലെയായിരുന്നു എസ് ഐ ടി അറസ്റ്റിലേക്ക് കടന്നത്. തട്ടിപ്പിൽ പങ്കില്ലെന്നായിരുന്നു തന്ത്രിയുടെ വാദം. എന്നാൽ എസ്ഐടിയുടെ അന്വേഷണത്തിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറമേ കേസിലെ മറ്റ് പ്രതികളുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ നിലപാട്. തന്ത്രി കണ്ഠരര് രാജീവരെ ഒരു ദിവസത്തേക്ക് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തന്ത്രിയുടെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നു. പുതിയ കൊടിമരം സ്ഥാപിച്ചതിൽ കേസെടുക്കുന്നതിനെ കുറിച്ചും അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയാണ്.

Similar Posts