< Back
Kerala
ആഡംബര വില്ലയ്ക്കായി 4.33 കോടിയുടെ ഫണ്ട് വകമാറ്റിയ ബെഹ്‌റയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; നടപടി ധനവകുപ്പിന്റെ എതിർപ്പ് മറികടന്നെന്ന് റിപ്പോർട്ട്
Kerala

ആഡംബര വില്ലയ്ക്കായി 4.33 കോടിയുടെ ഫണ്ട് വകമാറ്റിയ ബെഹ്‌റയ്ക്ക് ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; നടപടി ധനവകുപ്പിന്റെ എതിർപ്പ് മറികടന്നെന്ന് റിപ്പോർട്ട്

Web Desk
|
5 Aug 2022 7:28 AM IST

സംസ്ഥാന സർക്കാരിന്റെ അധികാരം മറികടന്നാണ് പൊലീസ് വകുപ്പിന്റെ നടപടിയെന്നും കടുത്ത അച്ചടക്ക നടപടി എടുക്കണമെന്നുമായിരുന്നു ഇക്കാര്യത്തിൽ ധനവകുപ്പ് വ്യക്തമാക്കിയത്

തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവത്തിൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്ലീൻചിറ്റ് നൽകിയത് ധനവകുപ്പിനെ തള്ളി. 4.33 കോടിയുടെ ഫണ്ട് ഉപയോഗിച്ചാണ് വില്ലകളും ഓഫീസും നിർമിച്ചത്. എന്നാൽ, കടുത്ത അച്ചടക്ക നടപടി എടുക്കണമെന്നായിരുന്നു ഇക്കാര്യത്തിൽ ധനവകുപ്പിന്റെ നിലപാട്.

ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗവിവരങ്ങൾ മീഡിയവണിന് ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാരം മറികടന്നാണ് പൊലീസ് വകുപ്പിന്റെ നടപടിയെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്. ഈ നിലപാടിന് ധനമന്ത്രിയുടെ അംഗീകാരമുണ്ടെന്നും വകുപ്പ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് വകുപ്പിന്റെ ആധുനികവൽക്കരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമിക്കാൻ പണം അനുവദിച്ചിരുന്നത്. എന്നാൽ, സർക്കാർ അനുമതിയില്ലാതെ ഈ ഫണ്ട് വകമാറ്റുകയായിരുന്നു. ക്വാർട്ടേഴ്‌സിനു പകരം ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി കൂറ്റൻ വില്ലകളാണ് പണിതത്. തിരുവനന്തപുരം വഴുതക്കാട്ടാണ് വില്ലകൾ നിർമിച്ചിരിക്കുന്നത്.

സി.എ.ജിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. വില്ലകൾക്കു പുറമെ ഈ ഫണ്ടുകൊണ്ട് ഓഫീസുകളും നിർമിച്ചതായി സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ വാങ്ങിയതിലടക്കം ബെഹ്‌റ നടത്തിയ വേറെയും ഇടപാടുകളിലും ഏജൻസി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഫണ്ട് വകമാറ്റിയതിൽ ബെഹ്‌റയ്ക്ക് ക്ലീൻചിറ്റ് നൽകുകയായിരുന്നു. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്ന കർശനനിർദേശത്തോടെയായിരുന്നു നടപടി വകുപ്പ് സാധൂകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫണ്ട് വകമാറ്റം അംഗീകരിച്ചത്.

Summary: Home Department gave a clean chit to former DGP Loknath Behera in the case of misappropriation of funds of Rs. 4.33 crore despite the opposition of the Finance department

Similar Posts