
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
|ഇറാഖ് - കുവൈറ്റ് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്
കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലത്ത് വി പി സിംഗ് സർക്കാരിൽ ഉപരിഗതാഗത – വാർത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ഇറാഖ് - കുവൈറ്റ് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
ആറ് തവണ വടകര മണ്ഡലത്തില്‍ നിന്ന് പാർലമെൻ്റിലേക്ക് വിജയിച്ചു. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ നിന്നാണ് ആദ്യം ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായി. കേരളത്തിൽ ഒരേ ലോക്‌സഭാ മണ്ഡലത്തിൽ തുടർച്ചയായി ഏറ്റവും അധികം തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും കെ.പി ഉണ്ണികൃഷ്ണനുണ്ട്.
1936 സെപ്തംബർ 20 ന് കോഴിക്കോട്ട് കൊയിലാണ്ടിയിൽ അഭിഭാഷകനായ ഇ.കുഞ്ഞികണ്ണൻ നായരുടെ മകനായാണ് ജനനം. മദ്രാസ് പ്രസിഡൻസി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലെ പഠന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി. നാഷണൽ യൂനിയൻ ഓഫ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്‍വാദി യുവക്സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. 1960ലാണ് സോഷ്യലിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസിൽ അംഗമാകുന്നത് . 1962 മുതൽ എഐസിസി അംഗമായി. പഠനത്തിനുശേഷം പത്രപ്രവർത്തകനായായിരുന്നു ജീവിതം. ‘ബ്ലിറ്റ്സ്’, ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ‘മാതൃഭൂമി’ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. അമൃതയാണ് ഭാര്യ.സുദക്ഷിണ, നിരഞ്ജന എന്നിവരാണ് മക്കൾ.