< Back
Kerala
Fraternity demands CBI probe into Wayanad Gokuls death
Kerala

'ഗോകുലിൻ്റേത് വംശീയ കൊലപാതകം; സിബിഐ അന്വേഷിക്കണം'; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് തിങ്കളാഴ്ച

Web Desk
|
19 April 2025 7:55 PM IST

ഗോകുലിന്റെ മരണത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്ത് കേസ് ഒതുക്കിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കൽപ്പറ്റ: അമ്പലവയൽ സ്വദേശി ഗോകുലിൻ്റെ കസ്റ്റഡി മരണം ആദിവാസികളോടുള്ള വംശീയതയുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. സംഭവം വംശീയ കൊലപാതകമാണെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഗോകുലിൻ്റെ മരണത്തിന് ഉത്തരവാദികൾ ഭരണകൂടവും പൊലീസുമാണ്. പെൺകുട്ടിയോടൊപ്പം കണ്ടെത്തിയെന്ന പേരിൽ മാർച്ച് 3ന് രാത്രി കോഴിക്കോട് വെച്ചാണ് പ്രായപൂർത്തിയാവാത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രക്ഷിതാക്കളെ അറിയിക്കുക പോലും ചെയ്യാതെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് രാത്രി 11.30നാണ് കൽപ്പറ്റ പൊലീസ് ഗോകുലിനെ സ്റ്റേഷനിലെത്തിക്കുന്നത്.

പ്രായപൂർത്തിയാകാത്തയാളെ ഇത്തരത്തിൽ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണ്. ബാലാവകാശ കമീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണം. സ്റ്റേഷനിൽ ഗോകുലിന് മാനസിക പീഡനം നേരിട്ടതായി വിവരങ്ങളുണ്ട്. സ്റ്റേഷനിലെ ബാത്ത്റൂമിലെ ഷവറിൽ ഷർട്ട് കെട്ടി അതിൽ തൂങ്ങിമരിച്ചെന്നുള്ള പൊലീസ് വാദം അവിശ്വസനീയമാണ്. സമഗ്രാന്വേഷണം നടന്നാൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ. രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ഏറ്റവും കൂടുതൽ ഇരകളാക്കപ്പെട്ടത് പാർശ്വവത്കൃത വിഭാഗങ്ങളാണെന്ന് കണക്കുകളുണ്ട്. അതിൻ്റെ തുടർച്ച തന്നെയാണ് ഗോകുലും.

ആദിവാസികളോടുള്ള മലയാളിയുടെ വംശീയ മനോഭാവങ്ങളുടെ സമകാലീന ഇരകളാണ് അട്ടപ്പാടി മധുവും കൽപ്പറ്റയിലെ വിനായകനുമെല്ലാം. ഈ അന്വേഷണങ്ങളിലെല്ലാം എത്ര അലംഭവമാണ് നടന്നതെന്ന് നാം കണ്ടതാണ്. ഗോകുലിൻ്റെ മരണത്തിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയരും. സ്വന്തം ജില്ലയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടും എസ്.സി/എസ്.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒ.ആർ. കേളു മൗനിയായി നോക്കിനിൽക്കുകയാണ്. കേവലം രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. എന്നാൽ, ഗോകുലിൻ്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ പൊലീസുകാർക്കെതിരെയും നടപടിയുണ്ടാവുകയും ശിക്ഷിക്കുകയും വേണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, സംസ്ഥാന സെക്രട്ടറി ടി.എം ആഷിഖ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി. മുഹമ്മദ് ഷഫീഖ്, ജില്ലാ സെക്രട്ടറിമാരായ പി. മുഹമ്മദ് ഷഫീഖ്, എ.സി ഫർഹാൻ, ആദർശ്, ഷെർബിന ഫൈസൽ പങ്കെടുത്തു.

Related Tags :
Similar Posts