< Back
Kerala
Fraternity march Wayanad Kalpetta police station
Kerala

'ഗോകുലിന്റെ വംശീയ കൊലപാതകം സിബിഐ അന്വേഷിക്കണം'; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി

Web Desk
|
21 April 2025 5:19 PM IST

മാർച്ച് 31നാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ അമ്പലവയലിലെ ആദിവാസി യുവാവ് ​ഗോകുൽ മരിച്ചത്.

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കലക്ടറേറ്റ് മാർച്ച് നടത്തി. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ രക്ഷിതാക്കളെ അറിയിക്കണം എന്നതടക്കമുള്ള നിയപരമായ കാര്യങ്ങളൊന്നും പൊലീസ് ചെയ്തില്ല. ഒരു പഴിനേഴുകാരനെ പാതിരാത്രിക്ക് എന്തടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലെത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ അടിമുടി ദുരൂഹതകളുണ്ട്. ഗോകുൽ ആത്മഹത്യ ചെയ്‌തെന്ന പൊലീസ് ഭാഷ്യം ഒരു നിലക്കും വിശ്വാസയോഗ്യമല്ല. പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അട്ടപ്പാടി മധു, കൽപ്പറ്റയിലെ വിശ്വനാഥൻ അടക്കമുള്ള ആദിവാസി ജീവനുകളോട് അധികാര വിഭാഗവും പൊലീസും പുലർത്തിയ നീതിനിഷേധങ്ങൾ തന്നെയാണ് ഗോകുലിന്റെ വിഷയത്തിലും നടക്കുന്നത്. എന്നാൽ, ശരിയായ അന്വേഷണം ഉണ്ടാകുന്നില്ലെങ്കിൽ അതിശക്തമായ പ്രതിഷേധം ഭരണകൂടവും പൊലീസും നേരിടേണ്ടി വരുമെന്നും സാദിഖ് ഉളിയിൽ പറഞ്ഞു.

ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തുക, ഉത്തരവാദികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ ഉയർത്തിയത്. കലക്ടറേറ്റ് പടിക്കൽ പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധ സംഗമത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി ഹരി, സാമൂഹിക പ്രവർത്തകൻ പ്രേംകുമാർ വയനാട്, ലബീബ് കായക്കൊടി, കെ.എം സാബിർ അഹ്‌സൻ, ഫൈസൽ പി.എച്ച്, ആയിഷ മന്ന, മുഹമ്മദ് ഷെഫീഖ്.പി, ഫർഹാൻ എ.സി സംസാരിച്ചു. മുനീബ് എലങ്കമൽ, ആഷിഖ് ടി.എം, ആഷിഖ് നിസാർ, ദിൽഫ തസ്‌നീം, ഷർബിന ഫൈസൽ, ആദർശ് പനമരം, മുഹ്‌സിൻ മുഷ്താഖ് എന്നിവർ നേതൃത്വം നൽകി.

Similar Posts