< Back
Kerala
Fraternity Movement
Kerala

വർഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ തുറുങ്കിലടയ്ക്കണം: ഫ്രറ്റേണിറ്റി

അഹമ്മദലി ശര്‍ഷാദ്
|
2 Jan 2026 10:42 PM IST

വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ നാല് വോട്ടിന് വേണ്ടി സിപിഎം തലയിലേറ്റി നടക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ​ഗഫൂർ പറഞ്ഞു

കൊണ്ടോട്ടി: നിരന്തരം മുസ് ലിം വിരുദ്ധ പരാമർശം നടത്തി വർഗീയവിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. നാല് വോട്ടിന് വേണ്ടി സിപിഎം വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ തലയിലേറ്റി നടക്കുകയാണ്. നവോഥാന മുന്നണി ചെയർമാൻ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ നീക്കണം. മാധ്യമപ്രവർത്തകൻ്റെ മതം നോക്കി തീവ്രവാദിയെന്ന് വിളിച്ച പരാമർശം അപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊണ്ടോട്ടി മർക്കസ് സ്കൂളിലെ നിഹാൽ ബുഖാരി നഗരിൽ നടക്കുന്ന ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റ് 'ഉയരെ' ഉദ്ഘാടനം ചെയ്യുകയായിരുന്നു നഈം ​ഗഫൂർ. ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.

രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പ് ശനിയാഴ്ച സമാപിക്കും. വിവിധ സെഷനുകളിൽ രാഷ്ട്രീയ -സാമൂഹ്യ - അക്കാദമിക് രംഗത്തെ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. വർഗീയ വിഷം വിളമ്പുന്ന വെള്ളാപ്പള്ളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Similar Posts