
ചാരിറ്റി വീഡിയോകളിലെ ബാങ്ക് അക്കൗണ്ടും ക്യൂആർ കോഡും മാറ്റി തട്ടിപ്പ്
|കൊള്ള സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുംബൈ കേന്ദ്രീകരിച്ച്
കോഴിക്കോട്: ചാരിറ്റി വീഡിയോകളിലെ ബാങ്ക് അക്കൗണ്ടും ക്യൂആർ കോഡും മാറ്റി പണം തട്ടുന്ന സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ കൂടതലും മുംബൈ കേന്ദ്രീകരിച്ചെന്ന് വിവരം. മുംബൈ ആസ്ഥാനമായ എൻഎസ്ഡിഎൽ ബാങ്കിലേതാണ് പരാതി ഉയർന്ന അക്കൗണ്ടുകളില്‍ കൂടുതലും. നിരവധി പരാതി നൽകിയിട്ടും ഈ തട്ടിപ്പിനെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
മലപ്പുറത്തെ ഒരു വിദ്യാർഥിയുടെ ചിക്തിസക്ക് വേണ്ടി ഷമീർ കുന്ദമംഗലം ഇട്ട ഒരു വീഡിയോ ദിവസങ്ങള്‍ക്കകം അക്കൗണ്ടും ക്യുആർ കോഡും മാറ്റി മറ്റൊരു ഇന്‍സ്റ്റാ ഗ്രാം പേജിലെത്തി. ആ വ്യാജ അക്കൗണ്ടിലേക്ക് ഇപ്പോഴും പണം അയക്കാന്‍ കഴിയും. ഇപ്പോഴും ആക്ടീവായ ഇത്തരം അക്കൗണ്ടടക്കം ദിവസവും നിരവധി പരാതികളാണ് ഉയരുന്നത്.
എയർടെല്‍ പേയ്മെന്റ് ബാങ്ക് തുടങ്ങി ഓണ്‍ലൈൻ അക്കൗണ്ടുകൾ തുടങ്ങാന്‍ കഴിയുന്ന ബാങ്കുകളെയാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. തട്ടിപ്പ് നടത്തുന്നവരുടെ അക്കൗണ്ടുകള്‍ കേരളത്തിന് പുറത്താണെങ്കിലും കേരളത്തിലും അവരുടെ കരങ്ങളുണ്ടെന്ന് സംശയിക്കേണ്ട അവസ്ഥയാണ്.
നിരവധി പരാതികള്‍ സൈബർ പൊലീസിനും ആഭ്യന്തരവകുപ്പിനും മുന്നിലുണ്ട്. പക്ഷെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കേസെടുത്താല്‍ തടിപ്പ് അക്കൗണ്ടുകളെ ഫ്രീസ് ചെയ്യിക്കാനെങ്കിലും കഴിയും. എന്നാല്‍ അതുപോലും നടക്കുന്നില്ല.