< Back
Kerala
fridge explode
Kerala

ആദ്യം കറുത്ത പുക, പിന്നാലെ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ചു; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്

Web Desk
|
12 July 2023 3:14 PM IST

അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ഫ്രിഡ്ജിന് മുകളിൽ ഒരു തീഗോളമാണ് കണ്ടത്. മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ പുറത്തേക്കിറങ്ങി

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ ഫ്ലാറ്റിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. താമസക്കാരുടെ സമയോചിതമായ ഇടപെടലാണ് തുടർന്നുള്ള വലിയ ദുരന്തമൊഴിവാക്കിയത്. കെ.ടി ഗോപാലൻനായർ റോഡിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

ഇന്നലെ രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം. ആദ്യം ഫ്രിഡ്ജിൽ നിന്ന് തീ ആളിക്കത്തി പുക പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് ഉടൻ തന്നെ വീട്ടുകാർ പുറത്തേക്ക് പോവുകയും പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയുമായിരുന്നു. എന്തോ കരിയുന്ന മണം കേട്ടാണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതെന്ന് ഗൃഹനാഥ പറയുന്നു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ഫ്രിഡ്ജിന് മുകളിൽ ഒരു തീഗോളമാണ് കണ്ടത്.

മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ പുറത്തേക്കിറങ്ങി. പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഷിങ് മെഷീന്റെ ഡോറും ചൂട് കാരണം പൊട്ടിത്തെറിച്ചു. വീട്ടിലെ ഫാൻ അടക്കമുള്ള ഉപകരണങ്ങൾക്കും കേടുപാടുകളുണ്ട്. ഫയർ ഫോഴ്‌സിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. സമയോചിതമായ ഇടപെടൽ കാരണമാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് വീട്ടുകാർ പറയുന്നു. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar Posts